ലഖ്നോ: ഉത്തർ പ്രദേശിലെ ജോഡോ യാത്രയിലേക്ക് നിരവധി ബി.ജെ.പി ഇതര പാർട്ടികളുടെ നേതാക്കളെ ക്ഷണിച്ച് കോൺഗ്രസ്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, ആർ.എൽ.ഡിയുടെ ജയന്ത് ചൗധരി തുടങ്ങിയവരെ യാത്രയിൽ പങ്കുചേരാൻ കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കൾക്ക് യാത്രയിൽ പങ്കെടുക്കാൻ പാർട്ടി ക്ഷണം നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു. മുഴുവൻ പ്രതിപക്ഷത്തിനും ഈ സർക്കാറിനെക്കുറിച്ച് ഏതാണ്ട് ഒരേ കാഴ്ചപ്പാടാണെന്നും അതുകൊണ്ടാണ് അവരെ യാത്രയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.പി എം.എൽ.എ ശിവപാൽ സിങ് യാദവ്, ബി.എസ്.പി ജനറൽ സെക്രട്ടറി സതീഷ് മിശ്ര, എസ്.ബി.എസ്.പി അധ്യക്ഷൻ ഓംപ്രകാശ് രാജ്ഭർ, സി.പി.ഐ സെക്രട്ടറി അതുൽ അഞ്ജൻ എന്നിവരാണ് യാത്രയിലേക്ക് ക്ഷണം ലഭിച്ച മറ്റു പ്രമുഖർ.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി മൂന്നിന് ഉത്തർപ്രദേശിൽ പ്രവേശിക്കും. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര യാത്രയിൽ പങ്കെടുക്കും.
10 സംസ്ഥാനങ്ങളിലൂടെ ഇതുവരെ 2,800 കിലോമീറ്ററിലധികം സഞ്ചരിച്ച യാത്ര നിലവിൽ ഒമ്പത് ദിവസത്തെ ശൈത്യകാല അവധിയിലാണ്. ജനുവരി 3 ന് യാത്ര പുനരാരംഭിക്കും. സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര അടുത്ത വർഷം ആദ്യം കശ്മീരിൽ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.