മുംബൈ: എൻ.സി.പി നേതാവ് ശരദ് പവാറിനെയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. ജോഡോ യാത്ര നവംബറിൽ മഹാരാഷ്‌ട്രയിൽ പ്രവേശിക്കാനിരിക്കെയാണ് കോൺഗ്രസ് പ്രതിനിധികളുടെ സംഘം ഇരുനേതാക്കളെയും പദയാത്രയിലേക്ക് ക്ഷണിച്ചത്.
മഹാരാഷ്ട്രയിൽ പാർട്ടിയുടെ ചുമതലയുള്ള എച്.കെ പട്ടേൽ, മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മുൻ സംസ്ഥാന അധ്യക്ഷൻ ബാലാസാഹെബ് തോറാട്ട്, മുംബൈ കോൺഗ്രസ് അധ്യക്ഷൻ ഭായ് ജഗ്തപ്, നേതാക്കളായ വിശ്വജിത് കദം, അമർ രാജൂർകർ, നസീം ഖാൻ, സന്ദീപ് തമ്പേ എന്നിവരാണ് കോൺഗ്രസ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ഉദ്ധവിനെയും പവാറിനെയും നേരിട്ടു കണ്ടാണ് യാത്രയിലേക്ക് ക്ഷണിച്ചത്. മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ ഭാഗമാണ് എൻ.സി.പിയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. 150 ദിവസം കൊണ്ടാണ് യാത്ര അവസാനിക്കുന്നത്. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. രാജ്യത്തിന്റെ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. നവംബർ ഏഴിന് യാത്ര മഹാരാഷ്ട്രയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.