ന്യൂഡൽഹി: എം.പിമാർക്കിടയിൽ കോവിഡ് ബാധിതർ കൂടിയ സാഹചര്യത്തിൽ പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കുന്നു. ഒക്ടോബർ ഒന്നു വരെ ചേരാൻ നിശ്ചയിച്ചിരുന്ന ഇരുസഭകളും ഈ മാസം 23ന് പിരിഞ്ഞേക്കും. സമ്മേളനം അധിക ദിവസം തുടരേണ്ട എന്ന കാര്യത്തിൽ സർക്കാറും പ്രതിപക്ഷവും സമവായത്തിലെത്തി.
കോവിഡ് പരിശോധന അടക്കം കർക്കശമായ മുൻകരുതലുകളോടെയാണ് എം.പിമാർക്ക് പാർലമെൻറിൽ പ്രവേശനം നൽകിയത്. എന്നാൽ ആദ്യ പരിശോധനയിൽ നെഗറ്റിവായ രണ്ടു കേന്ദ്രമന്ത്രിമാർ അടക്കം തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് ബാധിതരായത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇവർ മറ്റുള്ളവരുമായി ഇടപഴകിയിരുന്നതിനാൽ, ഇനിയും കൂടുതൽ പേർക്ക് വൈറസ് ബാധ ഉണ്ടാകാമെന്നാണ് ആശങ്ക.
സെപ്റ്റംബർ 14നാണ് സമ്മേളനം തുടങ്ങിയത്. 72 മണിക്കൂർ മുമ്പ് നടത്തിയ നിർബന്ധിത പരിശോധനയിൽ 25 എം.പിമാർ കോവിഡ് പോസിറ്റിവായിരുന്നു. ലോക്സഭയിൽ 17 പേർ; രാജ്യസഭയിൽ 18 പേർ.
ജീവനക്കാരും മറ്റുമായി മറ്റു 11 പേരും കോവിഡ് ബാധിതരെന്നു കണ്ടു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പ്രഹ്ലാദ് പട്ടേൽ എന്നിവർ കോവിഡ് ബാധിതരായത് പിന്നീടുള്ള ദിവസങ്ങളിലാണ്.
രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗമായ വിനയ് സഹസ്രബുദ്ധെയും വെള്ളിയാഴ്ച കോവിഡ് പോസിറ്റിവായി. ഇദ്ദേഹം സഭയിൽ സംസാരിച്ചിരുന്നു. സെൻട്രൽ ഹാളിൽ മറ്റ് എം.പിമാർക്കൊപ്പം ഇരിക്കുകയും ചെയ്തു. അങ്ങനെ ഏതാനും എം.പിമാർ സ്വമേധയാ ക്വാറൻറീനിലാണ്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ലോക്സഭ സ്പീക്കർ ഒാം ബിർല വിളിച്ച കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷവും നേരത്തെ പിരിയാമെന്ന നിലപാട് അറിയിച്ചത്.
കോവിഡ് വ്യാപനം തുടങ്ങിയ മാർച്ചിൽ പാർലമെൻറിെൻറ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. വർഷകാല സമ്മേളനം നടക്കേണ്ടത് ജൂൈല, ആഗസ്റ്റിലാണെങ്കിലും സെപ്റ്റംബർ 14നു മാത്രമാണ് തുടങ്ങാൻ കഴിഞ്ഞത്. ആറു മാസത്തിലൊരിക്കൽ പാർലമെൻറ് സമ്മേളിച്ചിരിക്കണമെന്നാണ് വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.