ലഖ്നോ: ഉത്തർപ്രദേശിൽ ദലിതനായതിന്റെ പേരിൽ മാറ്റി നിർത്തുന്നുവെന്നാരോപിച്ച് രാജിപ്രഖ്യാപിച്ച മന്ത്രി ദിനേശ് ഖത്തിക് സ്ഥാനത്ത് തുടരാൻ തീരുമാനിച്ചു. രാജി പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാഴാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ദിനേശ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജിയിൽ നിന്ന് പിൻമാറിയത്. ജല വിഭവ വകുപ്പിന്റെ ചുമതലയാണ് ദിനേശിന്.
അഴിമതിക്കാരെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കാൻ തയാറാകാത്ത മുഖ്യമന്ത്രിയുടെ കീഴിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതിനാൽ നടപടിയുണ്ടാകും. താനും ജോലികൾ തുടരുമെന്ന് ദിനേശ് അറിയിച്ചു. ഗവർണർക്കും ദിനേശ് രാജിക്കത്ത് നൽകിയിരുന്നു. സമൂഹമാധ്യമത്തിലും രാജിക്കത്ത് പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായി. ഡൽഹിയിലെത്തിയ ദിനേശ് മുതിർന്ന നേതാക്കളെ കാണുകയും ചെയ്തിരുന്നു.
ചുമതല ഏറ്റെടുത്ത് 100 ദിവസമായിട്ടും തന്നെ ഒരു ജോലിയും ഏൽപ്പിച്ചിട്ടില്ലെന്ന് ദിനേശ് ആരോപിച്ചിരുന്നു. വലിയ മനോവേദന അനുഭവപ്പെട്ടതിനാലാണ് രാജിക്ക് മുതിർന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. ജലവിഭവ വകുപ്പിലെ സ്ഥലംമാറ്റത്തിലെ ക്രമക്കേടുകളെ കുറച്ചും മന്ത്രി രാജിക്കത്തിൽ പ്രതിപാദിക്കുന്നുണ്ട്.
''ദലിത് ആയതുകൊണ്ടാണ് മന്ത്രിസഭയിൽ എന്നെ മാറ്റിനിർത്തുന്നത്. മന്ത്രിയെന്ന നിലയിൽ എനിക്ക് യാതൊരു അധികാരവുമില്ല. ദലിത് സമൂഹത്തിൽ നിന്ന് വന്ന ഒരാൾ എന്ന നിലയിൽ എന്റെ മന്ത്രിസ്ഥാനം വെറുതെയായി. ഇതുവരെ ഒരു മന്ത്രിസഭ യോഗത്തിലും പങ്കെടുപ്പിച്ചിട്ടില്ല. എന്റെ വകുപ്പിനെ കുറിച്ച് ആരും ഒന്നും ചോദിച്ചിട്ടുമില്ല. ദലിത് സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണിത്'' -ദിനേശ് ഖത്തിക് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.