മുംബൈ: തടവുകാരന്റെ നിരാഹാര ഭീഷണിയെ തുടർന്ന് 2011ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ വിചാരണക്ക് തയാറായി കോടതി. 11 വർഷം കഴിഞ്ഞിട്ടും വിചാരണ വൈകുന്നതിൽ പ്രതിഷേധിച്ച് നഖി അഹ്മദ് ശൈഖാണ് നിരാഹാരം തുടങ്ങുമെന്ന് കോടതിക്ക് കത്തെഴുതിയത്.
2011ൽ അറസ്റ്റിലായ ശൈഖ് അന്നുതൊട്ട് നവിമുംബൈയിലെ തലോജ ജയിലിലാണ്. അതിവേഗ വിചാരണയെന്ന തടവുകാരന്റെ അവകാശം ലംഘിക്കപ്പെടുന്നു എന്നാരോപിച്ചാണ് ശൈഖ് കത്തെഴുതിയത്. തുടർന്ന് കോടതി വെള്ളിയാഴ്ച ശൈഖിനെ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കാൻ നിർദേശിച്ചു.
വിഡിയോ കോൺഫറൻസിൽ വിചാരണ ഉടൻ തുടങ്ങാമെന്ന് അറിയിച്ച കോടതി എന്നാൽ, ദൈനംദിന വിചാരണ സാധ്യമാകില്ലെന്ന് വ്യക്തമാക്കി. വിചാരണ വേഗത്തിലാക്കാൻ ആവശ്യമായത് ചെയ്യാൻ പ്രോസിക്യൂഷനോട് നിർദേശിക്കുകയും ചെയ്തു.
2011 ജൂലൈ 13ന് 26 പേരുടെ മരണത്തിനിടയാക്കി സവേരി ബസാർ, ഓപറ ഹൗസ്, ദാദർ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നത്. ഇന്ത്യൻ മുജാഹിദാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ (എ.ടി.എസ്) ആരോപണം.
ഭീകരപ്രവർത്തനങ്ങളെ കുറിച്ച് ഇന്റലിജൻസ് ബ്യൂറോക്കും ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലിനും വിവരങ്ങൾ നൽകുന്നതിൽ ചൊടിച്ച് എ.ടി.എസ് കേസിൽ കുടുക്കിയതാണെന്നാണ് നഖി അഹ്മദ് ശൈഖിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.