ന്യുഡൽഹി: വടക്കുപടിഞ്ഞാറന്‍ ഡൽഹിയിലെ ജഹാംഗീർപൂരിയിൽ ഹനുമാന്‍ ജയന്തി റാലിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഹനുമാന്‍ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് ശനിയാഴ്ച രാത്രി രണ്ട് സമുദായത്തിൽപ്പെട്ട ആളുകളും ഏറ്റുമുട്ടിയിരുന്നു. കല്ലേറിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും ഏട്ട് പൊലീസ് ഉദ്യോഗസ്ഥരുൾപ്പടെ ഒമ്പത് പേർക്ക് പരിക്കേറ്റതായി നോർത്ത് വെസ്റ്റ് ഡി.സി.പി ഉഷാ രംഗ്നാനി അറിയിച്ചു. പരിക്കേറ്റ ഒമ്പത് പേരും ബാബു ജഗജീവന്‍ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കേറ്റവരിൽ ഡൽഹി പൊലീസ് സബ് ഇന്‍സ്പെക്ടർ മേധാലാൽ വീണയും ഉൾപ്പെട്ടിട്ടുണ്ട്. സംഘർഷത്തിൽ കൈയ്യിൽ പരിക്കേറ്റ ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ഉഷാ രംഗ്നാനി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307,120 ബി, 147 തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിര കേസ് രജിസ്റ്റർ ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷം നടന്ന ജഹാംഗീർ പൂരിയിൽ ഞായറാഴ്ച രാവിലെ മുതൽ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പ്രദേശത്തെ ക്രമസമാധാനനില നിയന്ത്രണവിധേയമാണെന്നും സ്ഥിതിഗതികൾ വിലയിരുത്താന്‍ റാപ്പിഡ് ആക്ഷന്‍ ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സമാനമായി 2020 ഫെബ്രുവരി 24 ന് വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് 53 പേർ കൊല്ലപ്പെടുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.