ന്യൂഡൽഹി: ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം കഴിഞ്ഞവർഷം കൂടുതൽ മോശമായതായി റിപ്പോർട്ട്. വായുമലിനീകരണം രൂക്ഷമായ ലോകത്തെ നൂറുനഗരങ്ങളിൽ 63ഉം ഇന്ത്യയിലാണ്. ന്യൂഡൽഹിയാണ് ലോകത്തെ ഏറ്റവും മലിന വായുവുള്ള തലസ്ഥാനം. തുടർച്ചയായ രണ്ടാംവർഷമാണ് ന്യൂഡൽഹിക്ക് ഈ 'ബഹുമതി' ലഭിക്കുന്നത്. 2020നെ അപേക്ഷിച്ച് 2021ൽ മലിനീകരണ തോത് 15 ശതമാനം വർധിച്ചതായും അന്തരീക്ഷ മലിനീകരണം നിരീക്ഷിക്കുന്ന സ്വിസ് സ്ഥാപനമായ 'ഐ.ക്യൂ എയർ' വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന ആരോഗ്യകരമായ അന്തരീക്ഷ നിലയുടെ പരിധിക്കുള്ളിൽ ഇന്ത്യയിലെ ഒരു നഗരവുമില്ല. ഏറ്റവും മോശം സ്ഥിതി ഉത്തരേന്ത്യയിലാണ്. ലോകത്തെ ഏറ്റവും മലിനീകൃത വായുവുള്ള നഗരമാണ് രാജസ്ഥാനിലെ ഭീവണ്ടി. തൊട്ടുപിന്നിൽ യു.പിയിലെ ഗാസിയാബാദ്. ആദ്യ 15 നഗരങ്ങളിൽ 10ഉം ഇന്ത്യയിലാണ് എന്നുമാത്രമല്ല, ഇവയെല്ലാം ന്യൂഡൽഹിക്ക് സമീപത്തുമാണ്.
ഇന്ത്യയിലെ ഈ 63 നഗരങ്ങളിൽ പകുതിയിലേറെയും യു.പിയിലും ഹരിയാനയിലുമാണ്. ചെന്നൈ ഒഴികെ മെട്രോ നഗരങ്ങളിലെല്ലാം 2020നേക്കാൾ സ്ഥിതി മോശമായി. ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിന് അനുസരിച്ച് അന്തരീക്ഷ വായു മെച്ചപ്പെട്ടാൽ ന്യൂഡൽഹി, ലഖ്നോ നിവാസികൾ 10 വർഷമെങ്കിലും അധികം ജീവിക്കുമെന്നാണ് ഷികാഗോ സർവകലാശാല വികസിപ്പിച്ച 'ലൈഫ് ഇൻഡക്സി'ന്റെ റിപ്പോർട്ട്. തമിഴ്നാട്ടിലെ അരിയല്ലൂരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വായുവുള്ള നഗരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.