ന്യൂഡൽഹി: നാഗ്പൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മലയാളി തടവുപുള്ളിയെ ഡൽഹിയിലെ ഭാര്യവീട്ടിൽ നിന്ന് പിടികൂടി. തട്ടിക്കൊണ്ടുപോകൽ, കൊലപാതക കുറ്റം ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ സീജോ ചന്ദരൻ(33) ആണ് പിടിയിലായത്.
ഈ മാസം 16നാണ് ചന്ദരൻ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പ്രതി എത്തിയ വിവരമറിഞ്ഞ് ഡൽഹി പൊലീസാണ് ഇയാളെ ദക്ഷിണപുരിയിലെ ഭാര്യാഗൃഹത്തിലെത്തി അറസ്റ്റ് ചെയ്തത്. ഭാര്യയെ കാണാനായി നാഗ്പൂരിൽ നിന്ന് 1100ലേറെ കിലോമീറ്റർ സഞ്ചരിച്ച് ഡൽഹിയിലെത്തിയ ഉടനെ തന്നെ ഇയാൾ പിടിയിലാവുകയായിരുന്നുവെന്ന് ഡി.സി.പി അതുൽ കുമാർ താക്കൂർ പറഞ്ഞു.
2018ൽ ഒരു ബിൽഡറുടെ മകനെ ഒരു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ കേസിൽ മഹാരാഷ്ട്രയിൽ അറസ്റ്റിലായ സീജോ ചന്ദരൻ ചികിത്സക്കായി നാഗ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം, കവർച്ച ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തുകയും മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (എം.സി.ഒ.സി.എ) പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
2012ൽ ജോലി ആവശ്യാർഥം ഡൽഹി വിട്ട് നാഗ്പൂരിലെത്തിയ ചന്ദരൻ പിന്നീട് ഒരിക്കൽ പോലും ഭാര്യയെ കണ്ടിട്ടില്ല. നാഗ്പൂരിൽ വെച്ച് ഒരു സ്ത്രീയുമായി പരിചയത്തിലാവുകയും ചില പ്രശ്നങ്ങെള തുടർന്ന് ഈ സ്ത്രീയെ ചന്ദരൻ കൊല്ലാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് ഇയാൾ ആദ്യം അറസ്റ്റിലാവുന്നത്.
പിന്നീട് ജയിലിൽ വെച്ച് ചില ക്രിമിനലുകളുമായി സൗഹാർദത്തിലായി. ജയിലിൽ നിന്ന് ഇറങ്ങിയതോടെ ഇവരുമായി ചേർന്ന് നാഗ്പൂർ, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ചില കുറ്റകൃത്യങ്ങളിലേർപ്പെട്ടു വരികയായിരുന്നു. മലയാളിയായ ചന്ദരൻ 1980കളുടെ അവസാനേത്താടെ കുടുംബത്തോടൊപ്പം ഡൽഹിയിലേക്ക് മാറുകയായിരുന്നുവെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.