ഹൈദരാബാദ്: ടി‌.ആർ.‌എസുമായി വോട്ടെടുപ്പിന് ശേഷമുള്ള സഖ്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല - ഉവൈസി

ഹൈദരാബാദ്: ടി.ആർ.എസുമായി വോട്ടെടുപ്പിന് ശേഷമുള്ള സഖ്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. പക്ഷേ മേയർ സ്ഥാനങ്ങൾക്ക് ഇപ്പോൾ പുറത്തുനിന്നുള്ള പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ ഫലത്തിന് ശേഷം ശാസ്ത്രപുരത്തെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശനിയാഴ്ച എം‌.എൽ‌.എമാർ, എം‌.എൽ.‌സിമാർ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റർമാർ, പാർട്ടി നേതാക്കൾ എന്നിവർ സംബന്ധിക്കുന്ന പാർട്ടി യോഗത്തിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർത്ഥിത്വം സംബന്ധിച്ചും പിന്തുണയ്ക്കുന്നത് സംബന്ധിച്ചും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു. ചന്ദ്രശേഖർ റാവു ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ വലി പേരാണെന്നും ടി.ആർ.എസ് പ്രബല രാഷ്ട്രീയ ശക്തിയാണെന്നും ഉവൈസി പറഞ്ഞു. 'ഫലങ്ങൾ ഞങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു, ബി.ജെ.പിയുടെ വിജയം സാന്ദർഭികമാണ്, ഭാവിയിൽ അത് ആവർത്തിക്കില്ല. മോശം പ്രകടനത്തിന്റെ കാരണങ്ങൾ അവലോകനം ചെയ്യേണ്ടത് ടി.ആർ.‌എസാണ്' -ഉവൈസി പറഞ്ഞു.

2016ൽ 99 സീറ്റ്​ നേടി നിസാം നഗരം തൂത്തുവാരിയ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നയിക്കുന്ന ടി.ആർ.എസ്​ 56 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ നാല്​ സീറ്റ്​ മാത്രം നേടിയ ബി.ജെ.പി 49 സീറ്റ്​ കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്​ചവെച്ചു. 43 സീറ്റ്​ നേടി അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ (എ.ഐ.എം.ഐ.എം) തങ്ങളുടെ കോട്ട കാത്തു. മൂന്ന്​​സീറ്റുമായി കോൺഗ്രസും കഴിഞ്ഞ തവണ ഒരു സീറ്റ്​ നേടിയ ടി.ഡി.പിയും നിലംപരിശായി.

ഹൈദരാബാദ്​ പിടിക്കുകയെന്ന ലക്ഷ്യത്തോടെ കേ​ന്ദ്ര ആഭ്യന്തര മ​​ന്ത്രി അമിത്​ ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രി സ്​മൃതി ഇറാനി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ തുടങ്ങിയവർ പ്രചാരണത്തിനിറങ്ങിയെങ്കിലും ടി.ആർ.എസിനെ മറിച്ചിടാനായില്ല. 

Tags:    
News Summary - Did not decide about post-poll alliance with TRS: Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.