ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധത്തിൽ അംഗരാഷ്ട്രങ്ങൾ പല നിലപാട് സ്വീകരിച്ചതോടെ, ഇന്ത്യ ആതിഥ്യമരുളിയ ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് സംയുക്ത പ്രസ്താവനയിറക്കാനായില്ല. ഇന്ത്യ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംയുക്ത പ്രസ്താവനക്കു പകരം അധ്യക്ഷന്റെ കുറിപ്പും തീരുമാനങ്ങളുടെ വിശദീകരണവുമാണ് പുറത്തിറക്കിയത്. യുക്രെയ്ൻ യുദ്ധത്തിൽ പല നിലപാടുകളുണ്ടായ കാര്യം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർതന്നെ മാധ്യമങ്ങളോട് പറഞ്ഞു.
യു.എസ് നേതൃത്വത്തിലുള്ള പടിഞ്ഞാറൻ രാഷ്ട്രങ്ങളും റഷ്യ-ചൈന കൂട്ടുകെട്ടും തമ്മിലായിരുന്നു ഭിന്നത. ലോകം നേരിടുന്ന ഭീഷണികൾ നേരിടാനുള്ള നിശ്ചയദാർഢ്യം വ്യക്തമാക്കുന്നതാണ് യോഗ തീരുമാനങ്ങളെന്ന് ജയ്ശങ്കർ പറഞ്ഞു. നിരവധി വിഷയങ്ങളിൽ ഏകാഭിപ്രായമാണ് ഉരുത്തിരിഞ്ഞത്. ഭീകരതയെ അംഗരാഷ്ട്രങ്ങൾ സംയുക്തമായി തള്ളിപ്പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂനിയനും റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ നിശിതമായി വിമർശിച്ചു. സംഘർഷം ഇല്ലാതാക്കാൻ തങ്ങൾ മുന്നോട്ടുവെച്ച 12 നിർദേശങ്ങൾ ഉപകരിക്കുമെന്ന് ചൈന പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങൾ അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തെ ബാധിക്കുന്ന വിധത്തിലേക്ക് മാറരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗോള തലത്തിലെ ഭീഷണികൾ നേരിടാൻ അഭിപ്രായ ഐക്യം ആവശ്യമാണെന്നും വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയെയും ബുദ്ധനെയും ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസംഗം.
ന്യൂഡൽഹി: ജി-20 യോഗത്തിനിടെ, ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാരായ എസ്. ജയ്ശങ്കറും ഖിൻ ഗാങ്ങും തമ്മിൽ ചർച്ച നടത്തി. അതിർത്തിയിൽ സമാധാനം നിലനിർത്തൽ, ഉഭയകക്ഷി ബന്ധം, നിലവിലെ വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങളിലൂന്നിയായിരുന്നു ചർച്ചയെന്ന് ജയ്ശങ്കർ പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കത്തെ തുടർന്നുള്ള സംഘർഷം മൂന്നു വർഷത്തോളമായി നീളുന്നതിനിടെയാണ് ചർച്ച. കഴിഞ്ഞ ഡിസംബറിലാണ് ഖിൻ ചൈനയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്. ഇതിനുശേഷം ജയ്ശങ്കറുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്. വ്യാഴാഴ്ച കാലത്താണ് അദ്ദേഹം ന്യൂഡൽഹിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.