ബംഗളൂരു: ബി.ജെ.പി സർക്കാറിന്റെ കാലത്ത് മതപരിവർത്തന നിരോധനബിൽ നിയമമായി മാറിയാൽ 2023ൽ കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ അത് പിൻവലിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. ഞാൻ പറയുന്നത് രേഖപ്പെടുത്തിവെച്ചോളൂ മതപരിവർത്തന നിയമവും സമ്പൂർണ ഗോവധ നിരോധന നിയമവും 2023ൽ അധികാരത്തിലെത്തിയാൽ പിൻവലിക്കും- ശിവകുമാർ പറഞ്ഞു. നേരത്തെ സിദ്ധരാമയ്യയും കോൺഗ്രസ് അധികാരത്തിലെത്തിയാൽ വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവരാണ് ഭൂരിപക്ഷം എന്ന മിഥ്യാധാരണയിലാണ് ബി.ജെ.പിയെന്നും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഒരു വിഭാഗത്തിനു വേണ്ടി മാത്രമായി പ്രവർത്തിക്കില്ലെന്ന ഉറപ്പ് അവർ മറന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സമ്പൂർണ ഗോവധ നിരോധന നിയമം വന്നതോടെ ഹിന്ദു കർഷകരാണ് ബുദ്ധിമുട്ടിലായത്. ജനങ്ങൾ കരുതുന്നത് നിയമം മൂലം മുസ്ലിംകളാണ് ബുദ്ധിമുട്ടിലായതെന്നാണ്. എന്നാൽ, യഥാർഥത്തിൽ കറവ വറ്റിയ പ്രായം ചെന്ന പശുക്കളെ വിൽക്കാൻ കഴിയാതെ ഹിന്ദു കർഷകർ ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. സാധാരണയായി ഓരോ പശുവിനും 40,000 രൂപവരെ അവർക്ക് ലഭിച്ചിരുന്നു. ഇപ്പോൾ ഇവർക്ക് ഒന്നും ലഭിക്കുന്നില്ലെന്നും ശിവകുമാർ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ പറയുകയാണ്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് അധികാരത്തിലെത്തിയാൽ വിവാദ നിയമങ്ങൾ പിൻവലിക്കും. മതപരിവർത്ത നിരോധന നിയമം സംസ്ഥാനത്തെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.