ഗൂഡല്ലൂർ: ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി നാലുപേരെ കൊന്ന കടുവയെ ജീവനോടെ തന്നെ പിടികൂടണമെന്ന് മദ്രാസ് ഹൈകോടതി വനംവകുപ്പിന് നിർദേശം നൽകി. രാജ്യത്തെ വളരെ കുറഞ്ഞ എണ്ണം കടുവകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ടി-23 എന്ന് പേരിട്ട കടുവയെ വെടിവെച്ചുവീഴ്ത്താൻ തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മൃഗസ്നേഹികൾ കോടതിയെ സമീപിക്കുകയായിരുന്നു. നാലുപേരെ കൊന്ന കടുവക്കായി പത്ത് ദിവസത്തിലേറെയായി തെരച്ചിൽ തുടരുകയാണ്.
വെടിവെക്കാനുള്ള ഉത്തരവ് വിവാദമായതോടെ, കടുവയെ ജീവനോടെതന്നെ പിടികൂടാനാണ് ഉത്തരവിട്ടതെന്നും വെടിവെച്ചുകൊല്ലാൻ ഉത്തരവ് നൽകിയിട്ടില്ലെന്നും തമിഴ്നാട് ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നീരജ് വിശദീകരിച്ചിരുന്നു. ഒരു സാഹചര്യത്തിലും കടുവയെ വെടിവെച്ചുകൊല്ലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമലഹാസനും കടുവയെ വെടിവെച്ചുകൊല്ലരുത് ജീവനോടെ പിടികൂടണം എന്ന ആവശ്യമുന്നയിച്ചിരുന്നു. കുങ്കിയാന, പ്രത്യേക പരിശീലനം കിട്ടിയ നായ്കള്‍, ഡ്രോണ്‍ ക്യാമറകള്‍ തുടങ്ങി സര്‍വ സന്നാഹങ്ങളുമായി 160ലേറെ പേരാണ് കടുവക്കായി മുതുമല ടൈഗർ റിസർവിലും പരിസര മേഖലകളിലും തെരച്ചിൽ തുടരുന്നത്.
അതേസമയം, 13 വയസ്സുള്ള ആൺകടുവ ഇരതേടി പിടിക്കാൻ പ്രയാസപ്പെടുന്ന അവശനിലയിലാണുള്ളതെന്നാണ് നിഗമനം. അതിനാൽതന്നെ മനുഷ്യജീവന് നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാല് മനുഷ്യരെയും 30ഓളം കന്നുകാലികളേയും കടുവ കൊന്നിട്ടുണ്ട്. ഗൂഡല്ലൂരിൽ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കടുവയെ സർക്കാർ ഇതുവരെ പിടിക്കാത്തതിൽ അതിയായ ആശങ്കയുണ്ട്.
മനുഷ്യരെയും വളർത്തുമൃഗങ്ങളെയും കൊന്നുതിന്നുന്ന സാഹചര്യം അതിഭീകരമാണെന്നും സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും തമിഴ്നാട് കർഷക സംഘം നീലഗിരി ജില്ല സെക്രട്ടറി എ. യോഹന്നാൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് ശാസ്ത്രീയമായ ഇടപെടലുകൾ നടത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.