ബംഗളൂരു: ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കം പുതിയ വഴിത്തിരിവിൽ. ഈദ്ഗാഹ് മൈതാനം കർണാടക റവന്യൂവകുപ്പിന് കീഴിൽ കൊണ്ടുവരാൻ ബി.ബി.എം.പി ജോയിന്റ് കമ്മീഷണർ (വെസ്റ്റ്) എസ്.എം. ശ്രീനിവാസ് കഴിഞ്ഞദിവസം ഉത്തരവിറക്കിയതിന് പിന്നാലെ ഉത്തരവ് ആഘോഷിച്ച ഹിന്ദുത്വ പ്രവർത്തകർ, മൈതാനത്തിലെ കവാട കമാനം പൊളിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. അതേസമയം, ഉടമസ്ഥാവകാശം സംബന്ധിച്ച അവകാശവാദവുമായി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കർണാടക വഖഫ് ബോർഡും പ്രതികരിച്ചു. ബി.ബി.എം.പിയുടെ പക്കലുള്ള രേഖകൾ കർണാടക റവന്യു വകുപ്പിന് കൈമാറുമെങ്കിലും ഉടമസ്ഥാവകാശം ഉന്നയിക്കുന്നതിന് കർണാടക വഖഫ് ബോർഡിന് തടസ്സമില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാമരാജ് പേട്ടിലെ ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട ഏതുതരം തർക്കവും ഇനി റവന്യൂ വകുപ്പുമായാണ് നടത്തേണ്ടതെന്നാണ് ഉത്തരവിന്റെ സാരം.
കഴിഞ്ഞ ജുൺ 21ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം, പ്രസ്തുത ഭൂമിക്ക് ഖാത്ത സർട്ടിഫിക്കറ്റ് നൽകണമെന്ന് ബി.ബി.എം.പിയോട് സംസ്ഥാന വഖഫ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഖാത്ത നൽകണമെങ്കിൽ കുറച്ചുകുടി രേഖകൾ ഹാജരാക്കാനായിരുന്നു ബി.ബി.എം.പിയുടെ മറുപടി. രേടകൾ ഹാജരാക്കാൻ വഖഫ് ബോർഡിന് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. പ്രസ്തുത രേഖകൾ ഹാജരാക്കാനാവതിരുന്നതോടെ അഞ്ചുദിവസം കൂടി നീട്ടി നൽകി. എന്നാൽ, ബി.ബി.എം.പിക്ക് മുന്നിൽ ജൂലൈ 27ന് ഹാജരായ വഖഫ് ബോർഡ് പ്രതിനിധികൾ രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ചോദിച്ചു. ഏറ്റവുമൊടുവിൽ ആഗസ്റ്റ് മൂന്നിന് ബി.ബി.എം.പിക്ക് മുന്നിൽ ഹാജരായ വഖഫ് ബോർഡ് പ്രതിനിധികൾ മതിയായ രേഖകൾ ഹാജരാക്കിയില്ലെന്നും പകരം, വസ്തു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവാണ് സമർപ്പിച്ചതെന്നും ബി.ബി.എം.പി ജോയന്റ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. 1964 ലെ സുപ്രീംകോടതി ഉത്തരവു പ്രകാരം, ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനത്ത് മതപരമായ കുടിച്ചേരലുകൾ നടത്താനുള്ള അനുമതിയാണ് നൽകുന്നതെന്നും വസ്തുവിന്റെ ഉടമസ്ഥാവകാശമല്ലെന്നും ബി.ബി.എം.പി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
സർവെ നമ്പർ 40 ലായി ഗുട്ടഹള്ളി വില്ലേജിൽ രണ്ട് ഏക്കർ അഞ്ച് ഗുണ്ടയായാണ് ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനം സ്ഥിതി ചെയ്യുന്നത്. ദശകങ്ങളായി ഇതു സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ട്. 2022 മേയ്, ജൂൺ മാസങ്ങളിൽ ഏതാനും ഹിന്ദുത്വ പ്രവർത്തകർ ഈദ്ഗാഹ് മൈതാനിയിൽ ചടങ്ങുകൾ നടത്താനുള്ള അനുമതി തേടി ബി.ബി.എം.പിയെ സമീപിച്ചതോടെയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം വീണ്ടും ഉയർന്നത്. എന്നാൽ, പ്രസ്തുത ഭൂമി കർണാടക സംസ്ഥാന വഖഫ് ബോർഡിന്റേതാണെന്ന 1965ലെ ഗസറ്റ് വിജ്ഞാപനം വഖഫ് ബോർഡും ഇത് പൊതുകളിസ്ഥലമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന 1974ലെ സിറ്റി സർവെ റെക്കോർഡ്സ് ബി.ബി.എം.പിയും പുറത്തുകൊണ്ടുവന്നു. വിവാദ ഭൂമി കളിസ്ഥലമാണെന്ന് ബി.ബി.എം.പി കമീഷണർ തുഷാർ ഗിരിനാഥ് ആദ്യം വാദമുയർത്തുകയും ചെയ്തു. എന്നാൽ, ഈ വാദം പിന്നീട് ഉപേക്ഷിച്ച ബി.ബി.എം.പി, ആവശ്യമായ രേഖകൾ ഹാജരാക്കി ഭൂമിക്ക് ഖാത്ത നേടിയെടുക്കാൻ അപേക്ഷ സമർപ്പിക്കാൻ വഖഫ് ബോർഡിനോട് ആവശ്യപ്പെടുകയായിരുന്നു.
ചാമരാജ്പേട്ട് ഇൗദ് ഗാഹ് മൈതാനം സംബന്ധിച്ച വിവാദത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം നേടാൻ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ മൗലാന ഷാഫി സഅദി പ്രതികരിച്ചു. ബി.ബി.എം.പി നിലവിൽ ഖാത്ത നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിക്കേണ്ട ഔദ്യോഗിക അതോറിറ്റി ബി.ബി.എം.പിയല്ലെന്നും അദ്ദേഹംപറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വഖഫ് ബോർഡിന്റെ അവകാശവാദത്തെ ബി.ബി.എം.പിയുടെ ഉത്തരവ് തടയുന്നില്ല. കേസുമായി വഖഫ്ബോർഡിന് മുന്നോട്ടുപോവാൻ കഴിയും. ഭൂമിയുടെ ഇപ്പോഴത്തെ ഉടമാവകാശം ചാർത്തി നൽകിയ റവന്യൂ വകുപ്പുമായി കേസിനുപോണോ അതോ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്യണോ എന്ന കാര്യം തങ്ങളുടെ നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് തീരുമാനിക്കും.
അതേസമയം, ബി.ബി.എം.പിയുടെ ഉത്തരവ് തങ്ങളുടെ വിജയമാണെന്ന് ചാമരാജ് പേട്ട് നാഗരികാര ഒക്കൂട്ട വേദികെ പ്രവർത്തകർ പറഞ്ഞു. ഈദ്ഗാഹ് മൈതാനം പൊതുസ്ഥലമായി പ്രഖ്യാപിക്കണമെന്നും അതിന് ജയചാമരാജ വഡിയാറുടെ പേര് നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ചാമരാജ് പേട്ട് നാഗരികാര ഒക്കൂട്ട വേദികെ എന്ന പേരിൽ ഒരു കൂട്ടം ഹിന്ദുത്വ പ്രവർത്തകരാണ് ഈദ്ഗാഹ് മൈതാനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബി.ബി.എം.പിയെ സമീപിച്ചത്.
ബി.ബി.എം.പിയുടെ ഉത്തരവിന് പിന്നാലെ, ഈദ്ഗാഹ് മൈതാനത്തിന്റെ കവാട കമാനം പൊളിക്കണമെന്ന ആവശ്യവുമായി വിശ്വ സനാതന പരിഷത്ത് രംഗത്തെത്തി. ഈദ്ഗാഹം മൈതാനം സർക്കാർ സ്വത്തായിരിക്കെ പിന്നെ എന്തിനാണ് അത്തരമൊരു കവാടമെന്നും 2017 മുതൽ തങ്ങൾ മൈതാനത്തിനായി ആവശ്യമുന്നയിച്ചുവരികയാണെന്ന് പരിഷത്ത് പ്രസിഡന്റ് ഭാസ്കരൻ പറഞ്ഞു. ഈദ് ഗാഹ് മൈതാനത്തെ കവാട കമാനം പൊളിക്കണമെന്നാവശ്യപ്പെട്ട് ബി.ബി.എംപിക്കും സംസ്ഥാന സർക്കാറിനും കത്തു നൽകണമെന്നും ഹൈക്കോടതിയിൽ ഹരജി നൽകുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.