ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് കേസുകളുടെ വർധനവിന് തെരഞ്ഞെടുപ്പ് കമീഷനെ കുറ്റപ്പെടുത്തിയുള്ള കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ട് കമീഷൻ സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതി തള്ളി. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് രാഷ്ട്രീയ പാർട്ടികൾ റാലി നടത്തിയതിന് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയും ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയും ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച തെരെഞ്ഞടുപ്പ് കമീഷനെ ശക്തമായി വിമർശിച്ചിരുന്നു.
വോെട്ടണ്ണൽ ദിവസം തെൻറ മണ്ഡലമായ കരൂരിൽ തെരഞ്ഞെടുപ്പ് കമീഷൻ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്ന എ.െഎ.എ.ഡി.എം.കെ നേതാവും തമിഴ്നാട് ഗതാഗത മന്ത്രിയുമായ എം.ആർ. വിജയഭാസ്കറിെൻറ ഹരജി പരിഗണിക്കവെയാണ് തെരഞ്ഞെടുപ്പ് കമീഷനെ വിമർശിച്ചത്. 77 പേരാണ് കരൂർ സീറ്റിലേക്ക് മത്സരിക്കുന്നത്.
'നിങ്ങൾക്കെതിരെ കൊലപാതക കുറ്റം ചുമത്തണം, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികളെ തടയാതിരുന്നത് തികച്ചും നിരുത്തരവാദപരമാണ്, ഇന്നത്തെ അവസ്ഥക്ക് നിങ്ങളാണ് ഉത്തരവാദി എന്നീ പരാമർശങ്ങളാണ് കോടതിയിൽനിന്ന് ഉണ്ടായത്.
ഈ നിരീക്ഷണങ്ങൾ ജനങ്ങളിൽ കടുത്ത മുൻവിധിയുണ്ടാക്കിയതായും കമീഷനെതിരെ ക്രിമിനൽ കുറ്റത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതികൾ വരുന്നുണ്ടെന്നും വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചു. അതിനാൽ മാധ്യമങ്ങൾ രേഖാമൂലമുള്ള ഉത്തരവുകൾ മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്നും കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകണമെന്നും കമീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി ആവശ്യപ്പെട്ടു. ഇൗ ആവശ്യം നിരസിച്ച കോടതി, അനാവശ്യമായി ആരെങ്കിലും കമീഷനെതിരെ പരാതി നൽകുന്നുണ്ടെങ്കിൽ തങ്ങളെ സമീപിക്കാമെന്നും പറഞ്ഞു.
കഴിഞ്ഞദിവസം കോവിഡ് സംബന്ധിച്ച് കേന്ദ്രസർക്കാറിനെയും മദ്രാസ് ഹൈകോടതി നിശിതമായി വിമർശിച്ചിരുന്നു. കോവിഡിെൻറ രണ്ടാം വ്യാപനത്തെക്കുറിച്ച് സർക്കാറിന് ബോധ്യമില്ലായിരുന്നുവോയെന്നും ഒന്നാം വ്യാപനത്തിനുശേഷം 14 മാസക്കാലയളവിൽ കേന്ദ്ര സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്നും ഹൈകോടതി ചോദിച്ചു. സർക്കാറിെൻറ ഇൗ അനാസ്ഥക്ക് ജനങ്ങൾ വലിയ വില നൽകേണ്ടിവരുന്നതായും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.