കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച് ബിഹാറിൽ നാലാംഘട്ട വോട്ടെടുപ്പിനിടെ സി.ഐ.എസ്.എഫ് നടത്തിയ വെടിവെപ്പിൽ നാലു പേർ മരിച്ച സംഭവത്തിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗത്യന്തരമില്ലാതെ വെടിവെക്കുകയായിരുന്നെന്നാണ് കമ്മീഷൻ ന്യായീകരിക്കുന്നത്. ജനക്കൂട്ടം ആയുധം പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ വോട്ടർമാരുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് സി.ഐ.എസ്.എഫ് വെടിവെച്ചതെന്ന് കമ്മീഷൻ പറയുന്നു.
എന്നാൽ, കൊല്ലണമെന്ന ലക്ഷ്യത്തോടെ ജനങ്ങൾക്കുനേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് തൃണമൂൽ പ്രവർത്തകരും നാട്ടുകാരും കുറ്റപ്പെടുത്തുന്നു. വെടിവെപ്പിന് വഴിവെച്ചത് ജനങ്ങൾക്കും കേന്ദ്ര സേനാംഗങ്ങൾക്കുമിടയിലെ തെറ്റിദ്ധാരണയും ആശയക്കുഴപ്പവുമാണെന്ന് ആരോപണമുണ്ട്.
അക്രമം നടന്ന കൂച്ച്ബിഹാറിലെ സിതാൽകുച്ചിയിൽ രാവിലെ ഒമ്പതേ മുക്കാൽ വരെ വോട്ടിങ് പ്രക്രിയ സമാധാനപൂർണമായിരുന്നു. മതബ്ഹംഗയിലെ 126ാം നമ്പർ ബൂത്തിനടുത്തു കൂടെ പ്രദേശവാസികളായ മൂന്ന് സ്ത്രീകൾ അസുഖ ബാധിതനായ ഒരു ബാലനെ കൊണ്ടുപോകുന്നതോടെയാണ് സംഭവങ്ങൾ ആരംഭിക്കുന്നത്. ഇവരെ തടഞ്ഞു നിർത്തി സി.ഐ.എസ്.എഫ് അംഗങ്ങൾ കാര്യങ്ങൾ തിരക്കി. കുട്ടിയെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കേണ്ടതുണ്ടോ എന്നാണ് തങ്ങൾ അന്വേഷിച്ചതെന്നാണ് അവരുടെ അവകാശ വാദം. എന്നാൽ, ബാലനെ പൊലീസ് മർദിച്ചതായാണ് നാട്ടുകാരിൽ ചിലർ തെറ്റിദ്ധരിച്ചത്.
ഇതോടെ ആളുകൾ പ്രദേശത്ത് തടിച്ചുകൂടുകയും ഒച്ചവെക്കുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആകാശത്തേക്ക് വെടിവെച്ചെങ്കിലും അവർ പിരിഞ്ഞുപോയില്ലെന്നും തുടർന്ന് പ്രാണരക്ഷാർഥം വെടിവെക്കാൻ നിർബന്ധിതരായി എന്നും കേന്ദ്രസേന അവകാശപ്പെടുന്നു. 20നും 28നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച നാലു പേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.