ന്യൂഡൽഹി: പുണെയിൽ മരണപ്പെട്ട മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദമറിയിച്ച് ഇ.വൈ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനി. തൊഴിലിടങ്ങളിലെ വിഷലിപ്തമായ അന്തരീക്ഷത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് രാജീവ് മേമനിയുടെ പോസ്റ്റ്.
“ഒരു പിതാവെന്ന നിലയിൽ ഞാൻ വളരെ ദുഃഖിതനാണ്, അനിത അഗസ്റ്റിന്‍റെ (അന്നയുടെ അമ്മ) സങ്കടം എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ. അവരുടെ ജീവിതത്തിലെ ശൂന്യത നികത്താൻ യാതൊന്നിനും കഴിയില്ലെങ്കിലും കുടുംബത്തെ അഗാധമായ അനുശോചനം അറിയിച്ചു. അന്നയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് കഴിയാതെപോയതിൽ ഞാൻ ഖേദിക്കുന്നു. ഇത് നമ്മുടെ സംസ്കാരത്തിന് തികച്ചും അന്യമാണ്. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല, ഇനി ഒരിക്കലും സംഭവിക്കില്ല”- രാജീവ് മേമനി സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.
തൊഴിലാളികളുടെ ക്ഷേമത്തിനാണ് ഏറ്റവും മുൻഗണനയെന്ന് ഉറപ്പിക്കാൻ ആഗ്രഹിക്കുന്നതായും ആ ലക്ഷ്യം പൂർത്തീകരിക്കുന്നത് വരെ താൻ വിശ്രമിക്കില്ലെന്നും രാജീവ് മേമനി പറഞ്ഞു.
അന്ന സെബാസ്റ്റ്യൻ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ അറിയിച്ചു. സുരക്ഷിതമല്ലാത്തതും ചൂഷണം നിലനിൽക്കുന്നതുമായ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടക്കുന്നതായും തൊഴിൽ മന്ത്രാലയം പരാതി ഔദ്യോഗികമായി ഏറ്റെടുത്തിട്ടുണ്ടെന്നും കരന്ദ്‌ലാജെ എക്സ് പോസ്റ്റിൽ അറിയിച്ചിരുന്നു.
കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റ്യനെ കഴിഞ്ഞ ജൂലൈയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂണെയിലെ ഇ.വൈ കമ്പനിയിൽ ജീവനക്കാരിയായിരുന്നു അന്ന. നാല് മാസം മുമ്പാണ് അന്ന ജോലിയിൽ പ്രവേശിച്ചത്. കമ്പനിയുടെ മനുഷ്യാവകാശ മൂല്യങ്ങൾ തന്‍റെ മകൾ അനുഭവിച്ച യാഥാർഥ്യത്തിന് വിരുദ്ധമാണെന്ന് അന്നയുടെ അമ്മ അനിത അഗസ്റ്റിൻ രാജീവ് മേമനിക്ക് അയച്ച ഇമെയിൽ പറയുന്നു.
2023ലാണ് അന്ന സി.എ പരീക്ഷ പാസാകുന്നത്. പൂണെയിലെ ഇ.വൈ കമ്പനിയിലേത് അന്നയുടെ ആദ്യ ജോലിയായിരുന്നു. പ്രതീക്ഷകൾ നിറവേറ്റാൻ അവൾ അശ്രാന്തമായി പരിശ്രമിച്ചു. എന്നാൽ ആ ശ്രമം അന്നയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം ബാധിച്ചു. ജോയിൻ ചെയ്ത ഉടൻ തന്നെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ മകൾക്ക് അനുഭവപ്പെടാൻ തുടങ്ങിയതായി അനിത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.