ന്യൂഡൽഹി: പട്ടികവർഗ വിഭാഗങ്ങളെന്ന നിലയിൽ ഭരണഘടനാപരമായ പ്രത്യേക പരിരക്ഷ ലഭിക്കേണ്ട ലക്ഷദ്വീപ് നിവാസികൾക്ക് അതു നൽകുന്നില്ലെന്നു മാത്രമല്ല, അവരുടെ മൗലികാവകാശങ്ങൾ കൂടി ലംഘിക്കുകയാണെന്ന് നിയമവിദഗ്ധൻ അഡ്വ. കാളീശ്വരം രാജ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമത്തിെൻറ തലത്തിലേക്ക് ചുരുക്കാൻപറ്റാത്ത സംഭവങ്ങളാണ് ഏതാനും ദിവസങ്ങളായി ലക്ഷദ്വീപിൽ നടക്കുന്നത്. നടക്കുന്ന ഓരോ കാര്യവും കോടതിയിൽ ചോദ്യംചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകാധിപത്യഭരണകൂടത്തിെൻറ രീതികളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പുറത്തെടുക്കുന്നത്. ഇന്ത്യയിലെ ഒരു ന്യൂനപക്ഷ വിഭാഗമാണ് ലക്ഷദ്വീപിലെ ഭൂരിപക്ഷം എന്നതുതന്നെ അഡ്മിനിസ്ട്രേറ്ററുടെ ഗൂഢലക്ഷ്യം തുറന്നുകാണിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാഗമായ കേന്ദ്ര ഭരണപ്രദേശമെന്ന പരിഗണന ദ്വീപിന് നൽകുന്നില്ല. ഏതു വിഭാഗത്തിനെതിരെയും ഭരണകൂടത്തിെൻറ ഭാഗത്തുനിന്ന് ഈ തരത്തിലുള്ള അതിക്രമങ്ങൾ ഉണ്ടായാൽ അത് മൗലികാവകാശ ലംഘനമാണെന്ന കാര്യത്തിൽ തർക്കമില്ല. ഇവിടെ സംവരണം അടക്കം ഭരണഘടനാപരമായ പ്രത്യേക പരിരക്ഷ അർഹിക്കുന്ന വിഭാഗത്തിെൻറ മൗലികാവകാശങ്ങളും സ്വാഭാവിക മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുകയാണ്.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ നിയമം ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രയോഗിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ആ തരത്തിൽ ഒരു കുറ്റകൃത്യമാക്കി ചുരുക്കിക്കെട്ടുകയല്ല വേണ്ടതെന്ന് കാളീശ്വരം രാജ് പറഞ്ഞു. അതിനേക്കാൾ വിശാലമായ കാൻവാസിലാണ് ലക്ഷദ്വീപിലെ വിഷയം കാണേണ്ടത്.
രാജ്യത്ത് ഒരു ഭൂപ്രദേശത്തെ ജനതയും നേരിടാത്ത വിവേചനവും അമിതാധികാര പ്രയോഗവുമാണ് ലക്ഷദ്വീപ് നിവാസികൾ നേരിടുന്നത്. ഭരണഘടനയുടെ 14, 19, 21 വകുപ്പുകളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ലംഘിച്ചുകൊണ്ടിരിക്കുന്നതെന്നും കാളീശ്വരം രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.