മംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് നേരെ നിറയൊഴിച്ചത് കഴുത്തില്‍ ടാഗ് ധരിച്ച 34നും 38നുമിടയില്‍ പ്രായമുള്ള യുവാവെന്ന് പ്രത്യേക അന്വേഷണ സംഘം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം 634 ഡിജിറ്റല്‍ വിഡിയോ ദ്യശ്യങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയായിരുന്നു.
സെപ്തംബർ അഞ്ചിന് രാത്രി 8.05നാണ് ഗൗരി വെടിയേറ്റ് മരിച്ചു. ഗൗരി വെടിയേറ്റു മരിക്കും മുമ്പ് രണ്ടു തവണ ഘാതകന്‍ അവരുടെ വീട്ടുപരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നിനും വൈകിട്ട് ഏഴിനും നടത്തിയ ഈ സന്ദര്‍ശനങ്ങളുടെ ദ്യശ്യങ്ങളാണ് എസ്.ഐ.ടിക്ക് തെളിഞ്ഞുകിട്ടിയത്. മുഖം കാണാമെങ്കിലും ഹെല്‍മറ്റ് ധരിച്ചതിനാല്‍ അവ്യക്തമാണ്. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ടാഗ് ധരിച്ചതിനാല്‍ കൊലയാളിക്ക് ഏതെങ്കിലും സ്ഥാപനവുമായി ബന്ധമുണ്ടാവാമെന്നാണ് പൊലീസ് നിഗമനം.നെഞ്ചിനേറ്റ വെടിയാണ് മാധ്യമപ്രവർത്തകയുടെ ജീവനെടുത്തതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വീട്ടിലേക്ക് കയറുകയായിരുന്ന ഗൗരി ഘാതകന്‍ പിറകില്‍ നിന്ന് വിളിച്ചതുകേട്ട് മുഖാമുഖം നിന്നപ്പോഴായിരുന്നു
വെടിയുതിര്‍ത്തത്. ആദ്യ രണ്ട് വെടിയുണ്ടകള്‍ വാരിയെല്ലിന്‍റെ ഇരുവശങ്ങളില്‍ തറച്ചു. മൂന്നാമത്തേത് ഉന്നംതെറ്റി പുറത്തുപോയി. ഘാതകൻ നാലാമതുതിർത്ത വെടിയാണ് നെഞ്ചിലേറ്റത്.
ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം ഉൗർജിതമായി മുന്നോട്ടു പോവുകയാണെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.