ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. കേസിനെ സഹായിക്കുന്ന നിർണായക തെളിവുകൾക്കായി ഇപ്പോഴും ഇരുട്ടിൽതപ്പുകയാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ദൃക്സാക്ഷികളുടെ അഭാവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളെയാണ് പൊലീസ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇതിനകം നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്, പ്രതികളെക്കുറിച്ചുള്ള ഒരു സൂചനപോലും ലഭിച്ചിട്ടില്ല. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന പൊലീസുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ട്. അഞ്ചിന് രാത്രി രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഗൗരി വെടിയേറ്റ് കൊല്ലപ്പെട്ടത്.
വീടിെൻറ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം രണ്ടു ബൈക്കുകളും ഒരു ഓട്ടോറിക്ഷയും സംശയാസ്പദമായ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളാകാമെന്ന് സംശയിക്കുന്നു. എന്നാൽ, ഇവയുടെ നമ്പർ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമല്ല. തിങ്കളാഴ്ച ആന്ധ്രസ്വദേശി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു.
ഗൗരിയുടെ ബസവനഗുഡിയിലെ ഓഫിസിലെ ജീവനക്കാരനെയും ചോദ്യംചെയ്തു. ഗൗരിയുടെ അയൽവാസികളിൽനിന്നും തെളിവെടുത്തു. ഓഫിസ് മുതൽ വീടുവരെയുള്ള വാണിജ്യസ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും ഒന്നും കണ്ടെത്താനായില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഫോറൻസിക് പരിശോധനകളും സഹായിച്ചില്ല. കേസിനെ സഹായിക്കുന്ന വിവരങ്ങൾ കൈമാറാനായി പൊതുജനങ്ങൾക്ക് പൊലീസ് നമ്പർ കൈമാറിയിരുന്നു. എന്നാൽ, പ്രതിദിനം 60ഓളം കാളുകൾ വരുന്നുണ്ടെങ്കിലും കേസിനെ സഹായിക്കുന്ന ഒന്നും ഇവരിൽനിന്ന് ലഭിക്കുന്നില്ല. പ്രതികൾ കൊല നടക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. വിരലടയാളങ്ങളോ മറ്റു തെളിവുകളോ ഉപേക്ഷിക്കാതെയാണ് ഇവർ കടന്നുകളഞ്ഞതും.
അതേസമയം, ഗൗരി ലങ്കേഷിെൻറ കൊലപാതകക്കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘം വിപുലീകരിച്ചു. നേരേത്തയുള്ള 21 അംഗങ്ങൾക്കു പുറമെ, പുതുതായി 40 പേരെക്കൂടി ചേർത്താണ് വിപുലീകരിച്ചത്. നാല് ഇൻസ്പെക്ടർമാർ, ഏഴ് എസ്.ഐമാർ എന്നിവർ പുതിയ സംഘത്തിലുണ്ട്. നേരേത്ത, രഹസ്യാന്വേഷണ വിഭാഗം ഐ.ജി ബി.കെ. സിങ്ങിെൻറ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണുണ്ടായിരുന്നത്. എസ്.ഐ.ടിയിൽ കൂടുതൽ അംഗങ്ങളെത്തിയെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ എം.എൻ. അനുചേത് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.