മുസഫർ നഗർ: ഉത്തർ പ്രദേശിലെ മുസഫർ നഗറിൽ സ്ത്രീകളും കുട്ടികളുമടക്കം 70 മുസ്‍ലിംകളെ ഹിന്ദുമതത്തിലേക്ക് മതം മാറ്റിയതായി (ഘർവാപ്പസി) ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ. സ്വാമി യശ്വായി മഹാരാജ്, ആചാര്യ മൃഗേന്ദ്ര ബ്രഹ്മചാരി മഹാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് മതംമാറ്റ ചടങ്ങുകൾ നടന്നത്.
കഴിഞ്ഞ ഒന്നരവർഷത്തിനിടെ മൊത്തം 1,100 മുസ്‍ലിംകളെ ‘സനാതന ധർമ’ത്തിലേക്ക് കൊണ്ടുവന്നതായി മൃഗേന്ദ്ര ബ്രഹ്മചാരി വെളിപ്പെടുത്തിയതായും ഓർഗനൈസർ റിപ്പോർട്ട് ചെയ്യുന്നു. ഗംഗാജലം ഉപയോഗിച്ച് ആചാരപരമായ കുളി കഴിഞ്ഞാണ് യശ്വായി ആശ്രമത്തിൽ മതപരിവർത്തന ചടങ്ങ് നടന്നത്.
മതംമാറിയവരുടെ കഴുത്തിൽ ‘ഓം’ മുദ്രകുത്തിയ മാല ചാർത്തി. അഗ്നിയാഗത്തോടെ ചടങ്ങ് സമാപിച്ചു. 10 കുടുംബങ്ങളിലെ 70 പേരാണ് ചടങ്ങിൽ പങ്കെടുത്തതത്രെ.
യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് സംസ്ഥാനത്ത് ഘർവാപ്പസി ശക്തിപ്രാപിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2013ൽ വർഗീയ കലാപത്തിൽ നിരവധി മുസ്‍ലിംകളെ കൊലപ്പെടുത്തുകയും സ്വത്തുക്കൾ കൊള്ളയടിക്കുകയും ചെയ്ത ജില്ലയാണ് മുസഫർനഗർ. 62 പേർ കൊല്ലപ്പെടുകയും 50,000-ത്തിലധികം ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.