ജൽന: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രം ഇന്ത്യയിൽ പ്രബലമാകുകയാണെന്ന് ഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധി. ഗാന്ധിയുടെ പാത പിന്തുടരുന്നവരുടെ എണ്ണം രാജ്യത്ത് വലിയ തോതിൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ മഹാരാഷ്ട്രയിലെ ജെ.ഇ.എസ് കോളേജിലെ ഗാന്ധി സ്റ്റഡി സെന്റർ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗമന ഇന്ത്യയുടെയും അതിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും 75 മഹത്തായ വർഷങ്ങളുടെ സ്മരണയ്ക്കായി കേന്ദ്ര സർക്കാർ ഇപ്പോൾ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുകയാണ്. എന്നാൽ ഇവർ പ്രചരിപ്പിക്കുന്ന ഈ ' അമൃത് ' എന്നത് വെറുപ്പിന്റെയും വർഗീതയുടെയും വിഷമുനകൾ കൊണ്ട് രാജ്യത്തിന്‍റെ മൂല്യങ്ങൾ തകർക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സത്യങ്ങളെ വളച്ചൊടിച്ച് വർഗീയ ശക്തികൾ അവരുടേതായ രീതിയിൽ ചരിത്രത്തെ പുനർ നിർമ്മിക്കുന്ന കാലത്ത് നമ്മൾ യഥാർത്ഥ ചരിത്രത്തെ വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്. സമൂഹത്തെ ധ്രൂവീകരിക്കുന്ന വിഭജന, വിദ്വേഷ രാഷ്ട്രീയങ്ങൾക്കെതിരെ ശബ്ദമുയർത്താനും തുഷാർ ഗാന്ധി ആഹ്വാനം ചെയ്തു.
പണ്ട് മഹാത്മാഗാന്ധി ദണ്ഡി മാർച്ച് നടത്താൻ പദ്ധതിയിട്ടപ്പോൾ മിക്ക കോൺഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ ആശയത്തെ എതിർക്കുകയും പദ്ധതി വിജയിക്കുമോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ മഹാത്മാഗാന്ധി ഈ വിമർശനങ്ങൾക്ക് 'കർ കേ ദേഖോ (ചെയ്ത് കാണിക്കാം )' എന്നാണ് മറുപടി പറഞ്ഞത്. ഈ സാഹചര്യത്തിലും അദ്ദേഹത്തിന്‍റെ വാക്കുകൾ ഓർത്തുകൊണ്ട് അനീതിക്കും അസമത്വത്തിനുമെതിരെ നമ്മൾ പ്രതികരിക്കേണ്ടതുണ്ട്. ഇതാണ് അദ്ദേഹത്തിന് നൽകാന്‍ കഴിയുന്ന മികച്ച ആദരാഞ്ജലിയെന്നും തുഷാർ ഗാന്ധി പറഞ്ഞു. ഒരു രാഷ്ട്രം എന്നത് എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാനുള്ള നാടാണെന്നും ഒരു രാഷ്ട്രം നിർമിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.