ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കു നൽകേണ്ട ജി.എസ്.ടി നഷ്ടപരിഹാര സെസ് തുക കേന്ദ്ര സർക്കാർ മുഖേന വായ്പയെടുത്തു നൽകാനുള്ള തീരുമാനത്തിനുപിന്നാലെ എല്ലാ സംസ്ഥാനങ്ങൾക്കും അനുനയ ഭാഷയിൽ കത്തയച്ച് ധനമന്ത്രി നിർമല സീതാരാമൻ. അതേസമയം, വായ്പയെടുക്കുന്ന തുകയുടെ ഉത്തരവാദിത്തവും പലിശഭാരവും സംസ്ഥാനങ്ങൾ തന്നെ പേറേണ്ടിവരുമെന്ന യാഥാർഥ്യം ബാക്കി.
പല സംസ്ഥാനങ്ങളുടെയും അഭിപ്രായം പരിഗണിച്ച് കേന്ദ്രം കടമെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകുകയാണെന്ന് കത്തിൽ മന്ത്രി വിശദീകരിച്ചു. ഇങ്ങനെ ചെയ്യുന്നതുവഴി വായ്പയെടുക്കലും ഏകോപനവും ലളിതമാവും. പലിശനിരക്ക് കുറയും. നഷ്ടപരിഹാര സെസ് ഇനത്തിൽ സംസ്ഥാനങ്ങൾക്ക് ഭാവിയിൽ കിട്ടേണ്ട വിഹിതത്തിൽനിന്നാണ് മുതലും പലിശയും തിരിച്ചടക്കുക എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് കേന്ദ്രസർക്കാറിെൻറ ധനക്കമ്മി നിലയിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്നും ധനമന്ത്രി വിശദീകരിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കേന്ദ്രം നിലപാട് തിരുത്തിയത് വിവിധ സംസ്ഥാനങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. കേന്ദ്രം മുഖേന വായ്പയെടുക്കുേമ്പാൾ 0.5 ശതമാനം വരെ പലിശ കുറയും, കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ള കുടിശ്ശിക ഇനിയെങ്കിലും വേഗത്തിൽ കിട്ടും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളും പുതിയ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ചു.
ജി.എസ്.ടി ഇനത്തിൽ സംസ്ഥാനങ്ങൾക്ക് ഇക്കൊല്ലം ഉണ്ടായിരിക്കുന്ന നഷ്ടം 2.35 ലക്ഷം കോടി രൂപയാണ്.
ജി.എസ്.ടി നടപ്പാക്കിയതുവഴി കേന്ദ്രം നികത്തിക്കൊടുക്കേണ്ടിവരുന്ന നഷ്ടം ഇതിൽ 79,000 കോടി മാത്രമാണെന്നും അത് സംസ്ഥാനങ്ങൾ വായ്പ എടുക്കണമെന്നുമാണ് കേന്ദ്രസർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. വാക്തർക്കങ്ങൾക്കൊടുവിൽ ഈ തുക 1.10 ലക്ഷം കോടിയെന്ന് കേന്ദ്രം പുതുക്കി.
ഈ തുക കേന്ദ്രം വായ്പ എടുക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്.
ജി.എസ്.ടി നിയമപ്രകാരം അർഹമായത് നൽകേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം കൈയൊഴിയുന്നതിനെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങാൻ കേരളം അടക്കമുള്ള ഏതാനും പ്രതിപക്ഷ സംസ്ഥാനങ്ങൾ ഒരുങ്ങുന്നതു കണ്ടപ്പോഴാണ്, നേരിട്ടു വായ്പയെടുത്തു നൽകാമെന്ന പുതിയ ഫോർമുലയുമായി ധനമന്ത്രാലയം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.