ന്യൂഡൽഹി: നഷ്ടപരിഹാര സെസ് ഇനത്തിൽ അർഹതപ്പെട്ട 1.1 ലക്ഷം കോടി എല്ലാ സംസ്ഥാനങ്ങൾക്കുമായി കടമെടുത്തു നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും ജി.എസ്.ടി തർക്കം ബാക്കി. കിട്ടേണ്ടതിൽ പകുതി തുക മാത്രമാണ് കിട്ടുന്നതെന്നും ബാക്കി തുകയുടെ കാര്യത്തിൽ കൂടി സമാനമായ തീരുമാനം ഉണ്ടാകണമെന്നും കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.
കേന്ദ്രം വായ്പയെടുത്തു സംസ്ഥാനങ്ങൾക്ക് നൽകാനുള്ള തീരുമാനം അറിയിച്ച് കത്തയക്കുകയും മുഖ്യമന്ത്രിമാരുമായി ധനമന്ത്രി നിർമല സീതാരാമൻ േഫാണിൽ സംസാരിക്കുകയും ചെയ്തതോടെ, ജി.എസ്.ടി കുടിശ്ശിക പ്രശ്നത്തിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം പ്രതിപക്ഷ സംസ്ഥാനങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനായി നിശ്ചയിച്ച യോഗം മാറ്റിവെക്കുകയും ചെയ്തു.
ഇക്കൊല്ലത്തെ ജി.എസ്.ടി വരുമാന നഷ്ടം 2.35 ലക്ഷം കോടി രൂപയാണ്. ഇതിൽ നഷ്ടപരിഹാര സെസ് ഇനത്തിൽ 1.1 ലക്ഷം കോടിയാണ് കടമെടുത്തു നൽകുന്നത്. ഭാവിയിൽ സംസ്ഥാനങ്ങൾക്കു കിട്ടേണ്ട നഷ്ടപരിഹാരത്തുകയിൽനിന്ന് മുതലും പലിശയും കിഴിക്കുകയാണ് കേന്ദ്രം ഭാവിയിൽ ചെയ്യുക. ഇതേ ക്രമീകരണം ബാക്കിയുള്ള 1.25 ലക്ഷം കോടിയുടെ കാര്യത്തിൽ കൂടി ചെയ്യണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു.
ഇപ്പോഴത്തെ ക്രമീകരണംകൊണ്ട് കേന്ദ്രത്തിന് പ്രത്യേക ബാധ്യതകളൊന്നും ഇല്ല. വായ്പത്തുകയും പലിശയും സംസ്ഥാനങ്ങൾ നൽകുന്നതിനാൽ ധനകമ്മിയെ ബാധിക്കില്ല. അങ്ങനെയെങ്കിൽ അത്രതന്നെ തുകക്കു കൂടി ഈ ക്രമീകരണം ചെയ്താലും കേന്ദ്രത്തെ ബാധിക്കില്ല. ധനസ്ഥിതി പരുങ്ങലിലായ സംസ്ഥാനങ്ങൾക്ക് അത് ആശ്വാസവുമാകും.
പക്ഷേ, 1.1 ലക്ഷം കോടിയുടെ കാര്യത്തിൽ മാത്രം തീരുമാനമെടുത്തതു വഴി കേന്ദ്രത്തിെൻറ അർധമനസ്സാണ് പ്രകടമാവുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനങ്ങൾ കോടതിയിലേക്ക് നീങ്ങുന്നതുവഴിയുള്ള കുരുക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ നിലപാടു മാറ്റത്തിനുതന്നെ കേന്ദ്രം തയാറായത്. സംസ്ഥാനങ്ങൾ സ്വന്തനിലക്ക് വായ്പയെടുക്കണമെന്നായിരുന്നു ആദ്യനിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.