ന്യൂഡൽഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ നിർണയിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നവംബർ നാലിന്റെ സുപ്രീംകോടതി വിധിയിൽ എട്ട് ആഴ്ചക്കകം നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു.
രാജ്യത്ത് നിലവിലുള്ള 73 ലക്ഷം പ്രോവിഡന്റ് ഫണ്ട് പെൻഷൻ ഗുണഭോക്താക്കളെയും ഇനി പദ്ധതിയിൽ ചേരാനിരിക്കുന്ന ലക്ഷങ്ങളെയും ബാധിക്കുന്ന പി.എഫ് പെൻഷൻ കേസിൽ പെൻഷൻ നൽകാവുന്ന ശമ്പളത്തിന്റെ പരമാവധി പരിധി 15,000 രൂപയാക്കിയതിൽ തെറ്റില്ലെന്നായിരുന്നു വിധി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിക്കു മുമ്പ് അപേക്ഷിച്ചവർക്ക് മാത്രമേ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ അനുവദിക്കൂവെന്ന വിവാദ വ്യവസ്ഥ സുപ്രീംകോടതി ഭേദഗതി ചെയ്തു. നിർണയിച്ച സമയപരിധിക്കകം ചേരാൻ കഴിയാത്തവർക്ക് ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതിയിൽ ആവശ്യമെങ്കിൽ ചേരാൻ കോടതി നാലു മാസംകൂടി സമയമനുവദിക്കുകയും ചെയ്തിരുന്നു.
ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തിയ ഇ.പി.എഫ്.ഒ സർക്കുലർ, സുപ്രീംകോടതി വിധിക്കുശേഷം ഇ.പി.എഫ്.ഒ അംഗങ്ങൾ ഉയർന്ന പെൻഷനുള്ള അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ എന്ന് വിശദീകരിക്കുന്നു. ഇതനുസരിച്ച് 2014 സെപ്റ്റംബർ ഒന്നിനുമുമ്പ് (നിയമ ഭേദഗതിക്കു മുമ്പ്) വിരമിക്കുകയും 1995ലെ പദ്ധതിയിലെ 11(3) ഖണ്ഡിക പ്രകാരം ഉയർന്ന പെൻഷനുള്ള തങ്ങളുടെ അവകാശം വിനിയോഗിക്കുകയും ചെയ്ത ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് ഉയർന്ന പെൻഷന് അർഹതയുണ്ട്.
1.നേരത്തേ നിശ്ചയിച്ചിരുന്ന ശമ്പള പരിധിയായ 5000ത്തിനോ 6500നോ മുകളിലുള്ള ശമ്പളത്തിന്റെ വിഹിതം ജീവനക്കാരനെന്ന നിലയിൽ അടച്ചവർക്ക്
2.1995ലെ എംപ്ലോയീസ് പെൻഷൻ പദ്ധതിയുടെ ഭാഗമായി നിലനിന്ന് 2014ലെ ഭേദഗതിക്കു മുമ്പുള്ള പെൻഷൻ പദ്ധതി തിരഞ്ഞെടുത്ത ഇ.പി.എഫ്.ഒ അംഗങ്ങൾ
3.ഇങ്ങനെ ഉയർന്ന പെൻഷൻ പദ്ധതി തിരഞ്ഞെടുത്തിട്ടും ഇ.പി.എഫ്.ഒ അത് നിഷേധിച്ച അംഗങ്ങൾ
ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനം സ്ഥാപനവും 1.16 ശതമാനം കേന്ദ്ര സർക്കാറും അംശാദായം അടക്കുന്ന തരത്തിൽ 1995ലാണ് പരമാവധി അടിസ്ഥാന ശമ്പളം 5000 രൂപയായി നിശ്ചയിച്ച് ജീവനക്കാരുടെ പെൻഷൻ പദ്ധതി(ഇ.പി.എസ്) ആരംഭിക്കുന്നത്. തൊട്ടടുത്ത വർഷം പരിധി 6500 രൂപയാക്കുകയും അതിൽ കൂടുതലുള്ള ശമ്പളത്തിന്റെ 8.33 ശതമാനം നൽകാമെന്ന് തീരുമാനിക്കുകയും ചെയ്തു.
ഈ പദ്ധതിയാണ് 2014ൽ ഭേദഗതി ചെയ്തത്. പെൻഷൻ ഫണ്ടിലേക്ക് അടക്കുന്ന 8.33 ശതമാനം കണക്കാക്കാനുള്ള പരമാവധി അടിസ്ഥാന ശമ്പള പരിധി 15,000 രൂപയായിരിക്കുമെന്നും അതിൽ കൂടുതൽ പി.എഫിലേക്ക് അടക്കുന്നവർ ആ അടക്കുന്നതിന്റെ 1.16 ശതമാനം കൂടി നൽകണമെന്നും വ്യവസ്ഥവെച്ചു.എന്നാൽ, പെൻഷൻ നിർണയിക്കുന്നതിന് പരമാവധി അടിസ്ഥാന ശമ്പളമായി കേന്ദ്ര സർക്കാർ നിർണയിച്ച 15,000ൽ അധികം ശമ്പളമുള്ളവർ അതിന് ആനുപാതികമായി പി.എഫിലേക്ക് അടക്കുകയാണെങ്കിൽ കൂടുതൽ അടക്കുന്ന തുകയുടെ 1.16 ശതമാനം കൂടി അധികമായി നൽകണമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു.
നിയമപരമായ മറ്റു ഉറവിടങ്ങളിൽ നിന്നും നിയമത്തിന്റെ ഉള്ളിൽനിന്നുകൊണ്ടും ഈ 1.16 ശതമാനം അടക്കാനുള്ള വഴി ഇ.പി.എഫ്.ഒ കണ്ടെത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. 1995ലെ പെൻഷൻ പദ്ധതിയിലെ 11(3) വ്യവസ്ഥ പ്രകാരം 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് പെൻഷൻ പദ്ധതിയിൽ ചേരാതെ വിരമിച്ചവർ പദ്ധതിക്ക് പുറത്തായെന്നും ഇപ്പോൾ നൽകുന്ന അവസരത്തിന്റെ പ്രയോജനം അവർക്ക് ലഭിക്കില്ലെന്നും സുപ്രീംകോടതി തുടർന്നു.
ഇതേ വ്യവസ്ഥ പ്രകാരം 2014 സെപ്റ്റംബർ ഒന്നിന് പദ്ധതിയിൽ ചേർന്നവർക്ക് നിയമഭേദഗതി വരുന്നതിന് മുമ്പുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി ആനുകൂല്യങ്ങൾ ലഭിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.അതേസമയം, അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി അടിസ്ഥാനമാക്കി പെൻഷൻ കണക്കാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പകരം കേന്ദ്ര സർക്കാർ നിർദേശിച്ചതുപോലെ അവസാന 60 മാസത്തെ (അഞ്ചു വർഷം) ശമ്പളത്തിന്റെ ശരാശരി നോക്കി പെൻഷൻ വിഹിതം കണക്കാക്കുമെന്ന് സുപ്രീംകോടതി വിധിച്ചു.
(യോഗ്യരായ പെൻഷൻ പദ്ധതി അംഗങ്ങൾ ഉയർന്ന പെൻഷന് മേഖല ഇ.പി.എഫ്.ഒ ഓഫിസിൽ നിർദിഷ്ട അപേക്ഷ മതിയായ രേഖകൾ സഹിതം താഴെ പറയുന്ന വിധത്തിൽ സമർപ്പിക്കണം.)
1. കമീഷണർ നിർദേശിച്ച രൂപത്തിലും രീതിയിലും അപേക്ഷ നൽകണം.
2. ഉയർന്ന പെൻഷനുള്ള അപേക്ഷ ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനത്തിൽ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കും.
3. പ്രോവിഡന്റ് ഫണ്ടിലേക്ക് അടക്കുന്ന തുകയിൽനിന്ന് പെൻഷൻ വിഹിതത്തിലേക്കു മാറ്റുന്ന തുകയിൽ നീക്കുപോക്ക് ആവശ്യമാകുകയോ തുക വീണ്ടും അടക്കേണ്ടിവരുകയോ ചെയ്താൽ അതിനുള്ള സമ്മതം അപേക്ഷഫോറത്തിൽ നൽകണം.
4.പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ട ഫണ്ടുകൾ ഇ.പി.എഫ്.ഒയുടെ പെൻഷൻ ഫണ്ടിലേക്ക് മാറ്റാൻ ട്രസ്റ്റിയുടെ രേഖാമൂലമുള്ള ഉറപ്പ് വേണം. നിശ്ചിത തീയതി വരെ പലിശയടക്കം അടക്കാനുള്ള കുടിശ്ശിക നിശ്ചിത സമയപരിധിക്കകം അടക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പിൽ വ്യക്തമാക്കിയിരിക്കണം.
5. അത്തരത്തിലുള്ള ഫണ്ടുകൾ നിക്ഷേപിക്കുന്നതു സംബന്ധിച്ച് തുടർ സർക്കുലറുകൾ ഇറക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.