ന്യൂഡൽഹി: ദലിത് സമൂഹത്തെ ‘ഹരിജൻ’ എന്ന് വിളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. ഒക്ടോബർ 31ന് ഗൊരഖ്പൂരിൽ നടന്ന ദീപാവലി പരിപാടിയിൽ, വീടുകളിൽ ദീപം തെളിയിക്കാൻ കഴിയാത്തവരോടൊപ്പം ദീപാവലി ആഘോഷിക്കണമെന്ന് ആഹ്വാനംചെയ്ത യോഗി, താൻ ഈ ദിവസം അയോധ്യയിലെ ഹരിജൻ ചേരി (ബസ്തി) യിൽ ആയിരുന്നെന്ന് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പദപ്രയോഗം മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കാത്തതാണെന്നും ദലിത് സമൂഹത്തെ അപമാനിക്കുന്നതാണെന്നും ദലിത് നേതാക്കൾ വിമർശിച്ചു.
പട്ടികജാതി വിഭാഗത്തെ ഹരിജൻ എന്ന് വിളിക്കരുതെന്ന് കേന്ദ്ര സർക്കാർതന്നെ ഉത്തരവിറക്കിയത് യോഗി ആദിത്യനാഥിന് അറിയില്ലേയെന്ന് ആസാദ് സമാജ് പാർട്ടി (കൻഷിറാം) അധ്യക്ഷനും എം.പിയുമായ ചന്ദ്രശേഖർ ആസാദ് പറഞ്ഞു. അല്ലെങ്കിൽ ‘ഹരിജൻ’ എന്ന് വിളിച്ച് ബോധപൂർവം പട്ടികജാതിക്കാരെ അപമാനിച്ചതാണോയെന്നും ആസാദ് ചോദിച്ചു.
ഭരണഘടനയിൽ ദലിതരെ ഉപയോഗിച്ചിരിക്കുന്ന പദം പട്ടികജാതി-പട്ടികവർഗം എന്നാണെന്നും ഹരിജൻ അല്ലെന്നും ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. ‘ഹരിജൻ’ എന്ന വാക്ക് കേന്ദ്ര സർക്കാറും കോടതികളും നിരോധിച്ച കാര്യം മുഖ്യമന്ത്രിക്ക് അറിയാത്തതാണോയെന്ന് മുൻ പ്രതിപക്ഷ നേതാവും അംബേദ്കറൈറ്റ് രാഷ്ട്രീയക്കാരനുമായ സ്വാമി പ്രസാദ് മൗര്യ കുറ്റപ്പെടുത്തി. ഹരിജൻ പരാമർശം യോഗിയുടെ മേൽജാതി ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അംബേദ്കറൈറ്റ് ദലിത് എഴുത്തുകാരൻ കൻവാൽ ഭാരതി പറഞ്ഞു.
‘ഹരിജൻ’ പരാമർശത്തെ കുറ്റപ്പെടുത്തിയ ഉത്തർപ്രദേശിൽനിന്നുള്ള ദലിത് ആക്ടിവിസ്റ്റ് ഭവൻ നാഥ് പാസ്വാൻ, ആ വാക്കിന് പ്രസക്തിയോ പ്രത്യേക അർഥമോ ഇല്ലെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.