ജഹാംഗീർപുരി: സുപ്രീംകോടതി തടഞ്ഞിട്ടും പൊളിക്കൽ തുടരുന്നു; ഉത്തരവ് കിട്ടിയില്ലെന്ന് കോർപറേഷൻ

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടും പൊളിക്കൽ തുടർന്ന് ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ. കോടതി ഉത്തരവ് കിട്ടിയില്ലെന്ന് പറഞ്ഞാണ് നടപടി തുടരുന്നത്. ഉത്തരവ് ലഭിക്കുന്നതിനിടെ പരമാവധി കെട്ടിടങ്ങൾ പൊളിക്കാനാണ് നീക്കം. 

ഡൽഹി പൊലീസ് സഹായത്തോടെ ബംഗാളി മുസ്ലിംകൾ താമസിക്കുന്ന കോളനികൾ പൊളിച്ചു മാറ്റാനുള്ള നടപടി നിർത്തിവെക്കാൻ ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കൗൺസിലിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഹനുമാൻ ജയന്തി ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെയാണ് ജഹാംഗീർപുരിയിൽ അനധികൃത കുടിയേറ്റങ്ങൾ ഇടിച്ചു പൊളിക്കാൻ ബുൾഡോസറുകളുമായി അധികൃതരെത്തിയത്. നോട്ടീസ് പോലും നൽകാതെയാണ് തങ്ങളുടെ കടകളും താമസകേന്ദ്രങ്ങളും പൊളിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. 



ബി.ജെ.പിയുടെ വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ ജഹാംഗീർപുരിയിൽ ബുൾഡോസറുകൾ ഇറക്കിയതിന് പിന്നാലെയാണ് സുപ്രീംകോടതി ഇടപെടൽ. ബംഗാളി മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ വൻ പൊലീസ് സന്നാഹത്തോടെ ബുധനാഴ്ച രാവിലെയാണ് ബുൾഡോസറുകൾ എത്തിയത്. 


അനുമതി ഇല്ലാതെ നോമ്പുതുറ സമയത്ത് പൊലീസ് അകമ്പടിയോടെ വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ്ദളും ആയുധമേന്തി നടത്തിയ ഘോഷയാത്ര ജഹാംഗീർപുരി സി ബ്ലോക്കിൽ കല്ലേറിലും അക്രമത്തിലും കലാശിച്ചിരുന്നു. തുടർന്ന് ഘോഷയാത്രക്കാരെ പിടികൂടാതെ ഒരു വിഭാഗത്തെ മാത്രം ഏകപക്ഷീയമായി അറസ്റ്റ് ചെയ്തത് വിവാദമായി. ഇരു സമുദായക്കാരും അറസ്റ്റിലായെന്ന് പറഞ്ഞ് അത് നിഷേധിച്ച് ഡൽഹി പൊലീസ് രംഗത്തു വന്നു. അതിനിടയിലാണ് പ്രദേശത്ത് പ്രശ്നമുണ്ടാക്കിയത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്നും രോഹിങ്ക്യൻ അഭയാർഥികൾ അതിലുണ്ടെന്നും ബി.ജെ.പി. പ്രചാരണം തുടങ്ങിയത്. ഇതിന് പിന്നാലെ ബി.ജെ.പി മുനിസിപ്പൽ കൗൺസിൽ ബുൾഡോസർ ഓപറേഷന് ഡൽഹി പൊലീസിന്റെ സഹായം തേടി അയച്ച കത്ത് ചൊവാഴ്ച പുറത്തു വന്നു. ബുധനാഴ്ച രാവിലെയോടെ ആയിരത്തോളം പൊലീസുകാരുടെ കാവലിൽ ബുൾഡോസറുകൾ കൊണ്ടുവരികയും ഒഴിപ്പിക്കൽ നടപടി തുടങ്ങുകയും ചെയ്തു.

രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ച് വർഗീയ സംഘർഷം ഉണ്ടായ ബി.ജെ.പി സംസ്ഥാനങ്ങളിലെ സമാന രീതിയിലാണ് ഹനുമാൻ ജയന്തി ഘോഷയാത്ര അക്രമത്തിൽ കലാശിച്ച ഡൽഹിയിലെ സംഭവ വികാസങ്ങളും. മറ്റു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പാണ് നടക്കാനുള്ളതെങ്കിൽ ഡൽഹിയിൽ മുനിസിപ്പൽ തെരഞ്ഞടുപ്പാണ് വരാനിരിക്കുന്നത് എന്ന വ്യത്യാസം മാത്രം. ജാമിഅ നഗർ പോലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ രാവിലെ മുതൽ ഡൽഹി പൊലീസും ദ്രുതകർമ സേനയും ഫ്ലാഗ് മാർച്ച് നടത്തുന്നുമുണ്ട്. 


Tags:    
News Summary - Haven't received SC order, demolition in Jahangirpuri underway: Civic body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.