ഭീകരാക്രമണ ഭീഷണിയെന്ന്; ഡൽഹിയിൽ സുരക്ഷാ പരിശോധനയും ജാഗ്രതാ നിർദേശവും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന സന്ദേശത്തെ തുടർന്ന് സുരക്ഷാ പരിശോധനയുമായി ഡൽഹി പൊലീസ്. ഒരു അജ്ഞാത ഇമെയിൽ വഴി ഉത്തർപ്രദേശ് പൊലീസിനാണ് ഭീകരാക്രമണത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രസ്തുത ഇമെയിലിന്റെ വിശദാംശങ്ങൾ യു.പി പൊലീസ് കൈമാറിയതിനെ തുടർന്ന് തലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.

തീവ്രവാദ സംഘടനയായ തെഹ്‌രിക്-ഇ-താലിബാനാണ് ഇമെയിലിന് പുറകിലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഡൽഹിയിലെ ജനനിബിഡമായ സരോജ്നി മാർക്കറ്റ് പോലുള്ള പ്രദേശങ്ങളിൽ സുരക്ഷാനിർദ്ദേശങ്ങളെ മുന്‍നിർത്തി ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു.

അതേസമയം, സുരക്ഷാ ഭീഷണിയെത്തുടർന്ന് സരോജിനി നഗറിലെ മാർക്കറ്റുകൾ ചൊവ്വാഴ്ച അടച്ചിടുമെന്ന് മിനി മാർക്കറ്റ് ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായ അശോക് രൺധാവ പറഞ്ഞു. കർശന ജാഗ്രത പാലിക്കാനുള്ള ഡൽഹി പൊലീസിന്‍റെ നിർദ്ദേശം അനുസിച്ചാണ് മാർക്കറ്റുകൾ അടച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മാർക്കറ്റുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവുകളൊന്നും നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. മാർക്കറ്റുകൾ അടച്ചുപൂട്ടുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനാണ് ഇന്നലെ പ്രതിരോധ തിരച്ചിൽ നടത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇമെയിൽ അയച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - High-security alert issued in Delhi after inputs from UP police of possible terror attack: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.