ന്യൂഡൽഹി: വീടുകൾ തകർത്ത് കളഞ്ഞാലും ഭരണഘടന നിലംപരിശാക്കരുതെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ്. ബുൾഡോസർ രാജുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിലപാടിനോട് പ്രതികരിക്കുകയായിരുന്നു സംഘടന.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സർക്കാറിനെതിരെ പ്രതിഷേധത്തിനിറങ്ങുന്നവരുടെ വീടുകളും കെട്ടിടങ്ങളും തകർക്കുന്ന ബുൾഡോസർ രാജ് വിലക്കണമെന്ന ആവശ്യം ബുധനാഴ്ച സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ഹരജി സമർപ്പിച്ച ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ പ്രതികരണം.
രാജ്യത്തിന്‍റെ ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാനാണ് ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതെന്ന് ജംഇയ്യത്തുൽ ഉലമായേ പ്രസിഡന്‍റ് മൗലാന മഹ്മൂദ് മദനി വ്യക്തമാക്കി. കോടതിയിൽ തെളിയിക്കാത്ത കുറ്റത്തിനാണ് സർക്കാർ ശിക്ഷ നടപ്പാക്കുന്നത്. വീടുകൾ പൊളിക്കുന്നതും നിർമിക്കുന്നതുമല്ല ആശങ്ക. രാജ്യത്തിന്‍റെ ഭരണഘടന നിലംപരിശാക്കരുത്. അതിനായുള്ള നിയമ പോരാട്ടവുമായി മുന്നോട്ടുപോകുകയാണെന്നും അതിനിയും തുടരുമെന്നും മഹ്മൂദ് മദനി പറഞ്ഞു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സർക്കാറിനെതിരെ പ്രതിഷേധത്തിനിറങ്ങുന്നവരുടെ വീടുകളും കെട്ടിടങ്ങളും തകർക്കുന്ന ബുൾഡോസർ രാജ് വിലക്കണമെന്ന ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. അത്തരമൊരു ഉത്തരവ് തങ്ങൾ ഇറക്കിയാൽ അത് മുനിസിപ്പൽ അധികാരികളുടെ അവകാശങ്ങളെ ഹനിക്കുമെന്ന് പറഞ്ഞാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായിയും പി.എസ് നരസിംഹയും അടങ്ങുന്ന ബെഞ്ച് സ്റ്റേക്ക് വിസമ്മതിച്ചത്.
ഹരജി സുപ്രീംകോടതി ആഗസ്റ്റ് 10ലേക്ക് മാറ്റുകയും ചെയ്തു. ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് കേസിൽ കക്ഷി ചേർന്നത് ചോദ്യം ചെയ്ത സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇത് വിഷയം വൈകാരികമാക്കാനാണെന്ന് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.