ചന്ദൗലി (ഉത്തർപ്രദേശ്): ബി.എസ്.പി അധ്യക്ഷ മായാവതി ഹിജഡയെക്കാൾ മോശമാണെന്നും സ്ത് രീത്വത്തിന് നാണക്കേടാണെന്നുമുള്ള അസഭ്യവർഷവുമായി ഉത്തർപ്രദേശിലെ ബി.ജെ.പി വനി ത എം.എൽ.എ സാധന സിങ്. പരാമർശങ്ങൾക്കെതിരെ ബി.ജെ.പി സഖ്യകക്ഷികൾ അടക്കം രംഗത്തുവന്നത് പാർട്ടിക്ക് തിരിച്ചടിയുമായി.
സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലേർപ്പെട്ടപ്പോൾ മുമ്പ് ആ പാർട്ടിയുടെ പ്രവർത്തകരിൽനിന്ന് തനിക്കേറ്റ അപമാനം മായാവതി സൗകര്യപൂർവം മറന്നിരിക്കുകയാണെന്ന് പറഞ്ഞാണ് മുഗൾസരായി എം.എൽ.എ അധിക്ഷേപം ചൊരിഞ്ഞത്. ‘‘തന്നെ അപമാനിച്ചവരുമായി കൈ കോർത്തതിലൂടെ മുൻ യു.പി മുഖ്യമന്ത്രി മായാവതി അവരുടെ അഭിമാനം വിറ്റുകളഞ്ഞിരിക്കുന്നു.
വനിതകൾക്ക് അപമാനമായ അവരെ പുരുഷനായോ സ്ത്രീയായോ കണക്കാക്കാനാവില്ല. ഹിജഡയെക്കാൾ മോശം വ്യക്തിയാണവർ’’ -സാധന പറഞ്ഞു. എം.എൽ.എയുടെ പരാമർശത്തെ അപലപിച്ച് ബി.ജെ.പി സഖ്യകക്ഷി നേതാവും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവ്ലെ രംഗത്തുവന്നു. ഇത്തരം പ്രസ്താവനകൾ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്.പി-ബി.എസ്.പി സഖ്യം യാഥാർഥ്യമായതോടെ ബി.ജെ.പി നേതാക്കളുടെ മാനസികനില തകരാറിലായിരിക്കുകയാണെന്ന് ബി.എസ്.പി നേതാവ് സതീഷ്ചന്ദ്ര മിശ്ര ട്വിറ്ററിൽ കുറിച്ചു.
പരാമർശത്തെ എസ്.പി അധ്യക്ഷൻ മുലായം സിങ് യാദവും അപലപിച്ചു. നിരാശയിൽനിന്ന് ഉടലെടുത്തതാണ് ബി.ജെ.പിയുടെ ഇൗ സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു. ഇതിനിടെ, പ്രസ്താവന സംബന്ധിച്ച് സാധന സിങ്ങിൽനിന്ന് ദേശീയ വനിത കമീഷൻ വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.