‘ഒട്ടും പരിഭ്രമമില്ല, രാഹുലിന്‍റെ അസാന്നിധ്യം വയനാട്ടുകാരെ അറിയിക്കില്ല’; സ്ഥാനാർഥി പ്രഖ്യാപനത്തിൽ ആദ്യമായി പ്രതികരിച്ച് പ്രിയങ്ക

ന്യൂഡൽഹി: 2019 മുതൽ രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാൻ പ്രിയങ്ക ഗാന്ധി താൽപര്യം കാണിച്ചിരുന്നില്ല. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അമേത്തി, റായ്ബറേലി, വാരാണസി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥിത്വവുമായി ബന്ധപെട്ട് അവരുടെ പേര് ഉയർന്നുവരുന്നത് പതിവാണ്. മാതാവ് സോണിയ ഗാന്ധി ഇത്തവണ ഒഴിഞ്ഞ റായ്ബറേലി മണ്ഡലത്തിലും പ്രിയങ്കയുടെ പേര് ഉയർന്നുകേട്ടിരുന്നു. എന്നാൽ, വയനാടിനു പുറമെ കോൺഗ്രസ് ശക്തികേന്ദ്രമായ റായ്ബറേലിയിലും രാഹുൽ ഗാന്ധി തന്നെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

രണ്ടു മണ്ഡലങ്ങളിലും മൂന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചുകയറിയത്. റായ്ബറേലി നിലനിർത്തുകയും വയനാട് മണ്ഡലം രാഹുൽ ഒഴിയുമെന്നും നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. രാഹുലിനു പകരം വയനാട്ടിൽ ആരു മത്സരിക്കാനെത്തുമെന്ന ആകാംക്ഷയിലായിരുന്നു പാർട്ടി പ്രവർത്തകർ. ഒടുവിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ കോൺഗ്രസുകാർ ആവേശത്തിലാണ്.

വയനാട് തന്‍റെ കുടുംബമാണ് എന്ന് ഇടക്കിടെ പറയുന്നതിനാൽ അത്ര എളുപ്പത്തിൽ രാഹുലിന് വയനാട് ഉപേക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. ഒടുവിൽ മണ്ഡലം സഹോദരിക്ക് കൈമാറിയാണ് രാഹുൽ വയനാട്ടുകാരോടുള്ള സ്നേഹം ഒന്നുകൂടി വ്യക്തമാക്കിയത്. സഹോദരനെ രണ്ടാം തവണയും വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ ഒട്ടും പരിഭ്രമമില്ലെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. രാഹുലിന്‍റെ അഭാവം വയനാട്ടുകാരെ അറിയിക്കില്ലെന്നും അവർ വ്യക്തമാക്കി. വയനാട് ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യമായാണ് പ്രിയങ്ക പ്രതികരിക്കുന്നത്.

‘വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവസരം കിട്ടുന്നതിൽ അതിയായ സന്തോഷത്തിലാണ്. രാഹുലിന്‍റെ അഭാവം ഒരിക്കലും വയനാട്ടുകാരെ അറിയിക്കില്ല. 20 വർഷമായി റായ്ബറേലിയിൽ പ്രവർത്തിക്കുന്നതിനാൽ മണ്ഡലവുമായി നല്ല ബന്ധമാണ്, ഈ ബന്ധം ഒരിക്കലും തകരില്ല’ -പ്രിയങ്ക പറഞ്ഞു. 2019ൽ രാഹുലിനെ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വയനാട്ടുകാർ ജയിപ്പിച്ചത്.

വയനാട് ഉപതെരഞ്ഞെടുപ്പിൽ പല പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. തൃശ്ശൂരില്‍നിന്ന് മത്സരിച്ച് തോറ്റ കെ. മുരളീധരന്‍റെ പേരുവരെയുണ്ടായിരുന്നു. ഇതിനിടെയാണ് രാഹുലിനെ പോലെ മറ്റൊരു സർപ്രൈസ് പ്രഖ്യാപനമായി പ്രിയങ്ക എത്തുന്നത്. വയനാട്ടുകാർക്ക് രാഹുലിനെ പോലെ തന്നെ പരിചതമാണ് പ്രിയങ്കയെയും. രാഹുല്‍ ആദ്യമായി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു പ്രിയങ്ക. ഇതിന് പുറമെ രാഹുലിന്‍റെ എം.പി സ്ഥാനത്തിന് അയോഗ്യത വന്നപ്പോള്‍ ജനങ്ങളെ കാണാന്‍ വയനാട്ടിലെത്തിയപ്പോഴും പ്രിയങ്ക കൂടെയുണ്ടായിരുന്നു. ഇത്തവണയും രാഹുലിന്‍റെ പ്രചാരണത്തിനായി പ്രിയങ്ക മണ്ഡലത്തിൽ എത്തിയിരുന്നു.

Tags:    
News Summary - I am a little nervous -Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.