അഞ്ചു കേസുകളിൽ തൽകാലം നടപടി പാടില്ലെന്ന് സുപ്രീംകോടതി; മുഹമ്മദ് സുബൈറിന് താൽകാലിക ആശ്വാസം

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതിയിൽ നിന്ന് വീണ്ടും താൽകാലിക ആശ്വാസം. ബുധനാഴ്ച വാദം കേൾക്കുന്നതു വരെ സുബൈറിനെതിരെ ഫയൽ ചെയ്ത അഞ്ചു കേസുകളിൽ നടപടി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി യു.പി സർക്കാരിനോട് ആവശ്യപ്പെട്ടു. യു.പിയിൽ രജിസ്റ്റർ ചെയ്ത ആറാമത്തെ കേസിൽ സുബൈറിന് സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. 2018ലെ ട്വീറ്റിന്റെ പേരിൽ മറ്റ് കേസുകൾ കൂടിയുള്ളതിനാൽ പുറത്തിറങ്ങാൻ കഴിയാതെ ജയിലിൽ തന്നെ കഴിയുകയാണ് സുബൈർ.

ആറു കേസുകളിലും ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് സുബൈർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബുധനാഴ്ച ഹരജിയിൽ വാദം കേൾക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. അതുവരെ സുബൈറിനെതിരെ നടപടികൾ സ്വീകരിക്കരുതെന്നാണ് യു.പി സർക്കാരിനു നൽകിയ നിർദേശം.

ഒരു കേസിൽ സുബൈറിന് ജാമ്യം ലഭിക്കുമ്പോൾ മറ്റ് കേസുകളിൽ വീണ്ടും അറസ്റ്റ് ചെയ്യുകയാണ്. തീർത്തും വിഷമവൃത്തത്തിൽ പെട്ടിരിക്കയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സുബൈറിനെതിരായ കേസുകൾ അന്വേഷിക്കാൻ യു.പി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

1983ലെ സിനിമയിലെ ഒരു ചിത്രം പങ്കുവെച്ച് നടത്തിയ ട്വീറ്റിന്റെ പേരിൽ ജൂൺ 27നാണ് ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2018ൽ നടത്തിയ ട്വീറ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കേസ്. യു.പിയിലെ സീതാപൂരിൽ ഫയൽ ചെയ്ത മറ്റൊരു കേസിലും പിന്നീട് അറസ്റ്റ് ചെയ്യുകയുണ്ടായി. ചില ഹിന്ദു വലതുപക്ഷ നേതാക്കളെ വിദ്വേഷപ്രചാരകർ എന്ന് വിശേഷിപ്പിച്ചതിന്റെ പേരിലായിരുന്നു കേസ്. ഈ കേസുകളിൽ ഇദ്ദേഹത്തിന് പിന്നീട് ജാമ്യം ലഭിച്ചു. ആൾട്ട് ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിൽ ഹാത്രസിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. കേസിൽ നാളെ പ്രാദേശിക കോടതി വാദം കേൾക്കാനിരിക്കയാണ്.

Tags:    
News Summary - In Fact-Checker M Zubair's Bail Case, Supreme Court Says "Vicious Cycle", Halts Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.