കാസർകോട്: മംഗളൂരു കാർവാർ സ്വദേശിയായ 25കാരന് നിപയെന്ന് സംശയം. ഗോവയിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന യുവാവിനെ മംഗളൂരുവിലെ ഗവ. വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തം, സ്രവം തുടങ്ങിയവയുടെ സാമ്പിളുകൾ പുനെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു.
കോവിഡ്, നിപ പരിശോധന കിറ്റുകൾ നിർമിക്കുന്ന ഗോവ ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാരനാണ് യുവാവ്. സെപ്റ്റംബർ എട്ടിന് ബൈക്കിൽ മഴനനഞ്ഞാണ് യുവാവ് കാർവാറിലെ വീട്ടിലെത്തിയത്. പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷം മംഗളൂരു വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവും പിതാവും ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്.
യുവാവിെൻറ സമ്പർക്കപ്പട്ടികയിൽ മലയാളികളുമുണ്ട്. നിപ സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ഇവർ ഏത് ജില്ലയിലുള്ളവരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
നിപ സംശയം ഉയർന്ന സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. കേരളത്തിൽനിന്നുള്ളവരെ ശരീരോഷ്മാവ് ഉൾപ്പടെയുള്ള പരിശോധനക്കു വിധേയമാക്കിയശേഷം കടത്തിവിട്ടാൽ മതിയെന്നാണ് കർണാടക സർക്കാറിെൻറ നിർദേശം.
യുവാവിന് പനിയോ മറ്റ് ലക്ഷണങ്ങളോ ഒന്നുമില്ലെന്നും സംശയമുയർന്ന സാഹചര്യത്തിൽ സ്ഥിരീകരണത്തിനായി സ്രവം പരിശോധനക്ക് അയക്കുകയാണ് ചെയ്തതെന്നും ദക്ഷിണ കന്നഡ ജില്ല ഡെപ്യൂട്ടി കമീഷണർ കെ.വി. രാജേന്ദ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.