പാകിസ്താനിൽനിന്നുള്ള ഹിന്ദു കുടുംബങ്ങൾക്ക് സി.എ.എ സർട്ടിഫിക്കറ്റ് നൽകി ആർ.എസ്.എസ് സംഘടന

ജയ്പ്പൂർ: പൗരത്വ ഭേഗഗതി നിയമ (സി.എ.എ) പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനുള്ളവർക്ക് സാക്ഷ്യപത്രം നൽകി ആർ.എസ്.എസ് സംഘടന. രാജസ്ഥാനിലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ പാകിസ്താനിൽനിന്നുള്ള ഹിന്ദു കുടുംബങ്ങൾക്ക് സംഘ്പരിവാർ പ്രാദേശിക സംഘടനയായ സീമാജൻ കല്യാൺ സമിതി യോഗ്യത സർട്ടിഫിക്കറ്റുകൾ നൽകിയത്.

ക്യാമ്പ് സംഘടിപ്പിച്ചാണ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സാക്ഷ്യപത്രം വിതരണം ചെയ്യുന്നതെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. പൂജാരിമാർക്ക് മതം സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയാണ് ആർ.എസ്.എസ് സംഘടനയുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണം. രാജസ്ഥാനിലെ പാകിസ്താൻ അതിർത്തി പ്രദേശങ്ങളായ ജൈസാൽമീർ, ബാർമർ, ജോധ്പൂർ എന്നിവിടങ്ങളിൽ ഒരാഴ്ചയായി നടന്നുവരുന്ന ക്യാമ്പിലൂടെ 330ഓളം പേർ പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ചെന്ന് സീമാജൻ കല്യാൺ സമിതി നേതാക്കൾ അറിയിച്ചു.

പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ പ്രാദേശികമായി അംഗീകരിക്കപ്പെടുന്ന ഒരു സമുദായ സംഘടന സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. സത്യവാങ്മൂലം, മറ്റു രേഖകൾ എന്നിവക്കൊപ്പമാണ് ഇതും സമർപ്പിക്കേണ്ടത്. ഈ സാക്ഷ്യപത്രമാണ് ആർ.എസ്.എസിന്‍റെ നേതൃത്വത്തിൽ നൽകുന്നത്. സംഘടന രജിസ്റ്റർ ചെയ്തതിനാൽ സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമുണ്ടെന്നാണ് അഭിഭാഷകനും സമിതി അംഗവുമായ വിക്രം സിങ് രാജ്പുരോഹിത് പ്രതികരിച്ചത്. സംഘടനാ ഭാരവാഹികളിലൊരാളായ ത്രിഭുവൻ സിങ് റാത്തോഡാണ് സാക്ഷ്യപത്രത്തിൽ ഒപ്പിടുന്നത്.

സൗജന്യ പൗരത്വ അപേക്ഷാ ക്യാമ്പ് എന്ന പേരിലാണ് വിവിധ സ്ഥലങ്ങളിലായി ഹെൽപ്പ് ഡെസ്‌ക് നടക്കുന്നത്. 2002ൽ രൂപവത്കരിച്ച ആർ.എസ്.എസ് അനുബന്ധ എൻ.ജി.ഒ ആണ് സീമാജൻ കല്യാൺ സമിതി. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് എത്തുന്ന ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നേടിക്കൊടുക്കാൻ വേണ്ട സഹായങ്ങൾ നൽകാനാണു സംഘടന രൂപവത്കരിച്ചത്. ആർ.എസ്.എസ് സംഘടന സാക്ഷ്യപത്രം നൽകുന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സി.എ.എ പ്രകാരം ഇപ്പോൾ ആർ.എസ്.എസും ബി.ജെ.പിയുമാണ് ആരൊക്കെയാണ് ഹിന്ദുവെന്നും ഇന്ത്യൻ പൗരനാകാൻ യോഗ്യരെന്നും തീരുമാനിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ വിമർശിച്ചു.

ഇതു ഞെട്ടിപ്പിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സി.എ.എ വിജ്ഞാപനം ഇറങ്ങുകയും നടപ്പാക്കുകയും ചെയ്തതിനുശേഷം ഓരോ ദിവസവും ദുരൂഹമായ വെളിപ്പെടുത്തലുകളാണു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - In Rajasthan, an RSS group issues CAA eligibility certificates to Pak. Hindus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.