യോഗിയുടെ പരസ്യത്തിൽ ബംഗാളിലെ മേൽപ്പാലം; തെറ്റുപറ്റിയത് തങ്ങൾക്കെന്ന് ഇന്ത്യൻ എക്സ്പ്രസ്

ന്യൂഡൽഹി: യു.പി സർക്കാറിന്‍റെ വികസന സപ്ലിമെന്‍റിൽ ബംഗാളിലെ മേൽപ്പാലത്തിന്‍റെ ചിത്രം ഉൾപ്പെട്ട സംഭവത്തിൽ തെറ്റുപറ്റിയത് തങ്ങൾക്കാണെന്ന് ഇന്ത്യൻ എക്സ്പ്രസ്. പത്രത്തിന്‍റെ വാരാന്ത്യപതിപ്പായ സൺഡേ എക്സ്പ്രസിലാണ് യു.പി സർക്കാറിന്‍റെ മൂന്ന് പേജ് മുഴുനീള പരസ്യം പ്രസിദ്ധീകരിച്ചത്.

പരസ്യത്തിൽ തെറ്റായ ചിത്രം ഉൾപ്പെട്ടത് മനപൂർവമല്ലാത്ത വീഴ്ചയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. തെറ്റുപറ്റിയതിൽ ഖേദിക്കുന്നുവെന്നും എല്ലാ ഡിജിറ്റൽ എഡിഷനുകളിൽ നിന്നും തെറ്റായ ചിത്രം നീക്കം ചെയ്തുവെന്നും ഇന്ത്യൻ എക്സ്പ്രസ് വ്യക്തമാക്കി.


അതേസമയം, പരസ്യത്തിൽ തെറ്റുവന്നതിന് പത്രം കുറ്റമേൽക്കുന്നത് അപൂർവമാണെന്നും ഇന്ത്യൻ എക്സ്പ്രസിന്‍റെ തന്നെ പരസ്യനയത്തിന് വിപരീതമാണെന്നും പലരും സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. പരസ്യത്തിലോ പരസ്യത്തിന്‍റെ ഉള്ളടക്കത്തിലോ തങ്ങൾക്ക് ‍യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് ഇന്ത്യൻ എക്സ്പ്രസിന്‍റെ 2019ലെ പരസ്യ റേറ്റ് കാർഡിൽ പറയുന്നത്. സാധാരണ ഗതിയിൽ സ്വകാര്യ പരസ്യ ഏജൻസികളോ, സർക്കാർ ഏജൻസികൾ തന്നെയോ ആണ് സർക്കാറിന്‍റെ പരസ്യങ്ങൾ തയാറാക്കാറ്. വീഴ്ച ഏറ്റെടുത്ത് യോഗിയുടെ മുഖം രക്ഷിക്കാനുള്ള നീക്കമാണോ ഇന്ത്യൻ എക്സ്പ്രസ് നടത്തുന്നത് എന്ന് ചോദ്യമുയരുന്നുണ്ട്. 


മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ യു.പിയിൽ ബി.ജെ.പി നടത്തിയ വികസന പ്രവർത്തനങ്ങൾ എന്ന തരത്തിലാണ് സൺഡേ എക്സ്പ്രസിൽ ഇന്ന്​ മുഴുപേജ്​ പരസ്യം വന്നത്​. എന്നാൽ, പരസ്യത്തിൽ കാണിച്ച മഞ്ഞ അംബാസഡർ ടാക്​സികൾ ഓടുന്ന നീലയും വെള്ളയും പെയിന്‍റടിച്ച മേൽപാലം കൊൽക്കത്തയിൽ മമത സർക്കാർ നിർമിച്ച 'മാ ​ഫ്ലൈഓവർ' ആണെന്ന്​ ട്വിറ്ററാറ്റി ​കണ്ടെത്തി.


മേൽപാലത്തിന്​ സമീപത്തെ കെട്ടിടങ്ങൾ കൊൽക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലി​േന്‍റതാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ്​ മോഷ്​ടിച്ച്​ എട്ടുകാലി മമ്മൂഞ്ഞാകാനുള്ള ശ്രമമാണ്​ ബി.ജെ.പി നടത്തുന്നതെന്ന്​ തൃണമൂൽ നേതാക്കൾ കളിയാക്കുകയും ചെയ്തിരുന്നു.


പരസ്യത്തിൽ കാണിച്ച ഫാക്ടറി യു.എസിലെ ഫാക്ടറിയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 

Tags:    
News Summary - Inadvertent Says Newspaper After Yogi Govt Ridiculed for Ad Showing Kolkata Flyover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.