ചെന്നൈ: കലാക്ഷേത്രയിൽ ലൈംഗികാതിക്രമത്തിനിരയായെന്ന പൂർവ വിദ്യാർഥിയുടെ പരാതിയിൽ അധ്യാപകനായ പ്രഫ. ഹരിപത്മനെ അറസ്റ്റ് ചെയ്തതായി ചെന്നൈ പൊലീസ് അറിയിച്ചു. കലാക്ഷേത്രയിലെ ലൈംഗികാതിക്രമത്തിൽ അഡയാർ വനിതാ പൊലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹരിപത്മനെതിരെ സ്ത്രീപീഡനനിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കലാക്ഷേത്ര ഫൗണ്ടേഷൻ കാമ്പസിൽ വിദ്യാർഥികൾ ശക്തമായ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് അധ്യാപകനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതോടെ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചിരുന്നു.
ലൈംഗികാതിക്രമക്കേസിൽ പ്രതികളായ നാല് അധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ടയിരുന്നു കലാക്ഷേത്ര ഫൗണ്ടേഷൻ കാമ്പസിൽ വിദ്യാർഥികൾ സമരം നടത്തിയത്. സമരത്തെ തുടർന്ന് ഏപ്രിൽ ആറുവരെ സ്ഥാപനം അടച്ചിരുന്നു.
കേന്ദ്ര സാംസ്കാരിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്സ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവരോട് ഇന്ന് ഉച്ച 12ന് നേരിൽ ഹാജരാവാൻ തമിഴ്നാട് വനിത കമീഷൻ ചെയർമാൻ കുമരി ഉത്തരവിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച ഇവർ കലാക്ഷേത്ര കാമ്പസ് സന്ദർശിച്ച് പ്രതിഷേധത്തിലേർപ്പെട്ട വിദ്യാർഥികളിൽനിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രിൻസിപ്പൽ ഉണ്ടായിരുന്നുവെങ്കിലും കമീഷന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഹൈദരാബാദിലുള്ള രണ്ട് പൂർവവിദ്യാർഥിനികൾ സംസ്ഥാന വനിത കമീഷന് വിഡിയോ കോൺഫറൻസിങ് മുഖേന പരാതി നൽകി.
ദേശീയ വനിത കമീഷൻ ചെയർമാൻ രേഖ ശർമയും സ്ഥാപനത്തിൽ സന്ദർശനം നടത്തിയിരുന്നു. പീഡനവുമായി ബന്ധപ്പെട്ട് ചെന്നൈ സിറ്റി പൊലീസും കേസ് രജിസ്റ്റർ ചെയ്തു. സായ് കൃഷ്ണൻ, സഞ്ജിത്ലാൽ, ഹരിപത്മൻ, ശ്രീനാഥ് എന്നീ അധ്യാപകർ കലാപരിശീലനസമയത്തും മറ്റും വിദ്യാർഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് ആരോപണം.
വാട്സ്ആപ് ചാറ്റുകളിലും മറ്റും ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും അധ്യാപകർ വിദ്യാർഥിനികൾക്ക് അയക്കാറുണ്ടെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.