ബംഗളൂരു: വിദ്യാർഥികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് കർണാടക ഹിജാബ് കേസിലെ ഹരജിക്കാരിലൊരാളായ ആലിയ ആസാദി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യർഥിച്ചു.
"രണ്ടാം വർഷ പി.യു പരീക്ഷകൾ ഈ മാസം 22 മുതൽ ആരംഭിക്കാൻ പോകുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഞങ്ങളുടെ ഭാവി തകരുന്നത് തടയാൻ നിങ്ങൾക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ ഞങ്ങളെ അനുവദിക്കണം. ദയവായി ഇത് പരിഗണിക്കുക. ഞങ്ങൾ ഈ രാജ്യത്തിന്റെ ഭാവിയാണ്"- ആലിയ ട്വീറ്റ് ചെയ്തു.
ഹിജാബ് കേസിൽ ഉഡുപ്പി സർക്കാർ കോളജിൽ നിന്നുള്ള ഹരജിക്കാരിൽ ഒരാളാണ് ആലിയ ആസാദി. ബി.ബി ആയിഷ പലവ്‌കർ, ആയിഷ ഹസാര അൽമാസ്, മുസ്‌കാൻ സൈനബ് എന്നിവരാണ് മറ്റ് ഹരജിക്കാർ.
ഈ വർഷം ജനുവരിയിലാണ് ഹിജാബുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിച്ചത്. ഉഡുപ്പിയിലെ ഗവ. പി.യു കോളജിൽ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ ആറ് വിദ്യാർഥികളെ പുറത്താക്കിയതായിരുന്നു തുടക്കം. പിന്നീട് സമീപത്തെ കുന്ദാപ്പൂരിലെയും ബൈന്ദൂരിലെയും മറ്റു ചില കോളജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു.
കോളജുകളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം പെൺകുട്ടികൾ സമർപ്പിച്ച എല്ലാ ഹരജികളും കർണാടക ഹൈകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.