ബംഗളൂരു: ശിരോവസ്ത്രം ഇസ്ലാമിലെ അനിവാര്യമായ ആചാരമായി കരുതുന്നതോടെ മുസ്ലിം സ്ത്രീകൾ പ്രത്യേക വസ്ത്രം ധരിക്കാൻ നിർബന്ധിതരാവുമെന്നും ഏതു തരം വസ്ത്രവും ധരിക്കാൻ സ്ത്രീകളെ നിർബന്ധിക്കരുതെന്നും കർണാടക സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് ജൈബുന്നിസ എം. കാസി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന് മുന്നിലായിരുന്നു എട്ടാം ദിനമായ ചൊവ്വാഴ്ച അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് നാവദഗിയുടെ വാദം. ശിരോവസ്ത്രം ധരിക്കുന്നതിന് കോടതി ഉത്തരവുകൊണ്ട് മതപരമായ അനുവാദം നൽകിയാൽ, അത് ഇഷ്ടമില്ലാത്തവരെയും ധരിക്കാൻ നിർബന്ധിക്കുമെന്നും തെരഞ്ഞെടുപ്പിന്‍റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും എ.ജി വാദിച്ചു.
കോടതി അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചാൽ, ശിരോവസ്ത്രം ധരിക്കാനിഷ്ടമില്ലാത്ത മുസ്ലിം സ്ത്രീകളുടെ അഭിമാനത്തെ അത് കുറക്കുമെന്നാണോ നിങ്ങൾ പറയുന്നതെന്ന് ബെഞ്ച് ചോദിച്ചു. അത് വ്യക്തി സ്വാതന്ത്ര്യത്തെ തടയുമെന്ന് പ്രതികരിച്ച എ.ജി, എല്ലാ വിശ്വാസത്തിലെയും എല്ലാ സ്ത്രീകൾക്കും അവരുടേതായ തെരഞ്ഞെടുപ്പ് ഉണ്ടെന്നും ജുഡീഷ്യൽ പ്രഖ്യാപനം വഴി മതപരമായ അനുവാദം നൽകരുതെന്നും വാദിച്ചു.
ശിരോവസ്ത്രം ധരിക്കുന്നത് നിയമബദ്ധമല്ലെങ്കിൽ അത് നിർബന്ധമല്ല. നിർബന്ധമല്ലെന്നതിനർഥം അത് അനിവാര്യമല്ലെന്നാണ്. അതിനാൽ, ശിരോവസ്ത്ര ധാരണം അനിവാര്യമായ മതാചാര പരിധിയിൽ വരില്ല. ശിരോവസ്ത്രം ധരിക്കുന്നത് ഭരണഘടനയുടെ 19 ഒന്ന് (എ) വകുപ്പു പ്രകാരം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്ന ഹരജിക്കാരുടെ വാദം മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25 ാം വകുപ്പുമായി ചേരില്ലെന്ന് എ.ജി വാദിച്ചു.
ഭരണഘടനയുടെ 19 ഒന്ന് (എ) വകുപ്പു പ്രകാരം ആരെങ്കിലും ശിരോവസ്ത്രം ധരിക്കണമെന്ന് ആഗ്രഹിച്ചാൽ, നിങ്ങളതിനെ നിയന്ത്രിക്കുകയും ചെയ്താൽ അത് മൗലികാവകാശത്തെ തടയലല്ലേ എന്ന് ചീഫ് ജസ്റ്റിസ് റിതീരാജ് അവസ്തി തിരിച്ചുചോദിച്ചു. ഈ രാജ്യത്ത് ശിരോവസ്ത്രത്തിന് നിരോധനമില്ലെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്‍റെ മറുപടി. ശിരോവസ്ത്രത്തിന് കാമ്പസിൽ വിലക്കില്ലെന്നും ക്ലാസ് സമയത്ത് ക്ലാസ് മുറിയിൽ മാത്രമാണ് വിലക്കെന്നും അത് മതപരമല്ല; എല്ലാവരെയും ബാധിക്കുന്ന യൂനിഫോമുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഭരണഘടനാപരമായ ധാർമികയുടെ വീക്ഷണത്തിൽ ശബരിമല വിധിയുടെ വെളിച്ചത്തിൽ ശിരോവസ്ത്രം സ്കൂളുകളിൽ അനുവദിക്കാമോ എന്ന് ചോദിച്ചാണ് എ.ജി വാദം അവസാനിപ്പിച്ചത്.
ഹിന്ദു വിവാഹത്തിൽ താലി കെട്ടുന്നത് അനിവാര്യമാണെന്നും എന്നാൽ, രാജ്യത്തെ മുഴുവൻ ഹിന്ദുക്കളും താലി കെട്ടുന്നത് നിർബന്ധമാണെന്ന് അതിനർഥമില്ലെന്നും ജസ്റ്റിസ് കൃഷ്മ എസ്. ദീക്ഷിത് ചൂണ്ടിക്കാട്ടി. ശബരിമല കേസിൽ പുനഃപരിശോധനാ ഹരജികൾ തീർപ്പായിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഏഴു ഹരജികളിൽ തീർപ്പായതായും വിഷയം വിശാലബെഞ്ചിന്‍റെ പരിഗണനയിലാണെന്നും പറഞ്ഞ എ.ജി, ശബരിമല കേസിലെ വിധി ഇപ്പോൾ നിയമമാണെന്ന് കോടതിയെ ഓർമപ്പെടുത്തി. എന്നാൽ, ശബരിമല കേസിൽ വിശാല ബെഞ്ചിന് മുന്നിലുള്ള ചോദ്യങ്ങൾ ഞങ്ങളുടെയും മുന്നിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് അവസ്തി വ്യക്തമാക്കി.
ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ പോകുന്നതിന് ചില ഇളവുകൾ കോടതി ഇപ്പോൾ അനുവദിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കേസ് ഈ ആഴ്ച തന്നെ തീർപ്പാക്കാനാണ് ആഗ്രഹമെന്നും ഇരു കക്ഷികളും സഹകരിക്കണമെന്നും ബെഞ്ച് പ്രതികരിച്ചു.
അതേസമയം, തിങ്കളാഴ്ച മുതൽ പല പി.യു കോളജുകളിലും അവസാന വർഷ പ്രാക്ടിക്കൽ പരീക്ഷ ആരംഭിച്ചെങ്കിലും ശിരോവസ്ത്ര അവകാശ സമരം നടത്തുന്ന വിദ്യാർഥിനികൾ പുറത്തുതന്നെയാണ്. സമരത്തിന്‍റെ ഭാഗമായി പ്രാക്ടിക്കൽ പരീക്ഷയിൽനിന്ന് വിട്ടുനിന്നവർക്ക് മറ്റൊരവസരം നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് വ്യക്തമാക്കി. ഇവർക്ക് പ്രാക്ടിക്കലിന്‍റെ മാർക്കുകൂടി തിയറി പേപ്പറിൽ നേടേണ്ടിവരുമെന്നതാണ് സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.