ശ്രീനഗർ: ദക്ഷിണകശ്മീരിൽ സായുധസേനയുടെ വെടിവെപ്പിൽ നിരപരാധികൾ മരിച്ചെന്നാരോപിച്ച് വിഘടനവാദസംഘടനകൾ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിൽ രണ്ടാം ദിവസവും ജനജീവിതം സ്തംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നില്ല. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന എല്ലാ സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.
പൊതു വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. സയ്യിദ് അലിഷാ ഗീലാനി, മീർവാഇസ് ഉമർ ഫാറൂഖ്, യാസീൻ മാലിക് എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളുടെ സംയുക്ത വേദിയാണ് (ജെ.ആർ.എൽ) സമരത്തിന് ആഹ്വാനം ചെയ്തത്. കുൽഗാം, ഷോപിയാൻ ജില്ലകളിൽ പൂർണമായും അനന്ത്നാഗ് ജില്ലയുടെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ തുടരുകയാണ്. നഗരത്തിൽ ഖന്യാർ, മഹാരാജ്ഗുഞ്ച്, നൗഹട്ട, െറയ്നാവാരി, സഫാകദൽ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും 144 വകുപ്പ് പ്രകാരം നിയന്ത്രണമുണ്ട്. ശ്രീനഗറിൽ മൊബൈൽ-ഇൻറർനെറ്റ് സർവിസുകൾ പുനഃസ്ഥാപിച്ചു. എന്നാൽ, ദക്ഷിണ കശ്മീരിൽ ഇവയുടെ നിയന്ത്രണം തുടരുകയാണ്. താഴ്വരയിൽ പൊതുവെ സമാധാനാന്തരീക്ഷമാണെന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച ഷോപിയാനിലേക്ക് മാർച്ച് നടത്താൻ സംഘടനകൾ ആഹ്വാനം ചെയ്തു. മേഖലയിൽ അനിഷ്ടസംഭവങ്ങൾ തടയാൻ വൻ പൊലീസ്സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.