ന്യൂഡൽഹി: അഴിമതിക്കേസിൽ അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്‍ലിയുടെ വീട്ടിൽ റെയ്ഡ് നടക്കുന്നതിനിടെ മകൻ വെടിയേറ്റ് മരിച്ചു. സഞ്ജയ് പോപ്‍ലിയുടെ മകൻ 27കാരനായ കാർത്തിക് പോപ്‍ലിയാണ് വെടിയേറ്റ് മരിച്ചത്. കാർത്തികിന്റെത് ആത്മഹത്യയാണെന്ന് പൊലീസും കൊലപാതകമാണെന്ന് പിതാവ് സഞ്ജയും ആരോപിക്കുന്നു.
'എന്റെ മകൻ എന്റെ കൺമുന്നിലാണ് കൊല്ലപ്പെട്ടത്. മകന്റെ മരണത്തിന്റെ ദൃക്സാക്ഷിയാണ് ഞാൻ. വിജിലൻസ് ബ്യൂറോ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നതാണ്' -സഞ്ജയ് പോപ്‍ലി പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് വിജിലൻസ് ബ്യൂറോ അംഗങ്ങൾ അഴിമതിക്കേസിൽ അന്വേഷണത്തിനായി സഞ്ജയിയുടെ വീട്ടിലെത്തിയത്. മകന്റെ മരണം നടക്കുമ്പോൾ വിജലൻസ് ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നെന്ന് സഞ്ജയിയുടെ അയൽവാസികളും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കൊലപാതകമാണെന്ന ആരോപണം ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു. സഞ്ജയ് പോപ്‍ലിയുടെ മകൻ സ്വയം വെടിവെച്ച് മരിച്ചതാണ്. ആ സമയം പരിശോധനക്ക് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നു. പിതാവിന്റെ ലൈസൻസുള്ള തോക്കുപുയാഗിച്ചാണ് കാർത്തിക് സ്വയം വെടിവെച്ചതെന്നും ചണ്ഡീഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കുൽദീപ് ചാഹൽ പറഞ്ഞു.
പഞ്ചാബിലെ നവാൻഷഹറിൽ മലിനജല പൈപ്പ് ലൈൻ ഇടുന്നതിന് ടെണ്ടർ വിളിച്ചിരുന്നു. ടെണ്ടർ ലഭ്യമാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിൽ ജൂൺ 20നാണ് സഞ്ജയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
അറസ്റ്റിലായ സഞ്ജയുടെ വീട്ടിൽ പരിശോധനക്ക് എത്തിയ വിജിലൻസ് സംഘം നിരവധി സ്വർണ, വെള്ളി കോയിനുകൾ, പണം, മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
വിജിലൻസ് ഉദ്യോഗസ്ഥർ കേസിന് ബലം നൽകുന്ന തരത്തിൽ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന് ഉദ്യോഗസ്ഥന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
'വിജിലൻസ് ഉദ്യോഗസ്ഥർ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചു. അവരുടെ കേസിന് ബലം നൽകുന്ന തരത്തിൽ മൊഴി നൽകാൻ തങ്ങളുടെ വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചു. 27 വയസുള്ള എന്റെ മകൻ നഷ്ടപ്പെട്ടു. അവൻ മിടുക്കനായ അഭിഭാഷകനായിരുന്നു. വ്യാജമൊഴിക്ക് വേണ്ടി അവരവനെ തട്ടിയെടുത്തു. അവൻ പോയി' -അവരുടെ കൈകളിലെ രക്തത്തുള്ളികൾ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചുകൊണ്ട് മാതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.