ലക്ഷദ്വീപിന് കഷ്ടകാലം തീരുന്നില്ല; മുന്നിലുള്ളത് വലിയ ഭീഷണിയെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: അഡ്മിനിസ്ട്രേറ്ററുടെ ജദ്രോഹപരമായ നടപടികളിൽ നട്ടംതിരിയുന്ന ലക്ഷദ്വീപ് ജനതയ്ക്ക് മുന്നിൽ മറ്റൊരു വെല്ലുവിളി കൂടി. സമുദ്ര നിരപ്പിലുണ്ടാകുന്ന ഉയർച്ച ലക്ഷദ്വീപിന്റെ തീരമേഖലകളെ കവർന്നെടുക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ലക്ഷദ്വീപ് ഉൾപ്പെടെ പല ദ്വീപുകൾക്കും സമുദ്രനിരപ്പിലെ ഉയർച്ച വെല്ലുവിളിയാണെന്നും ചെറുദ്വീപുകൾ മുങ്ങി പോകാൻതന്നെ സാധ്യതയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഐ.ഐ.ടി ഖരക്പൂരിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 0.4 മി.മീറ്റർ മുതൽ 0.9 മി.മീറ്റർ വരെ സമുദ്രനിരപ്പ് ഉയരുമെന്നാണ് ഇവരുടെ കണ്ടെത്തൽ.

36 പവിഴ ദ്വീപുകളുടെ ശ്യംഖലയാണ് ലക്ഷദ്വീപ്. 32 ചതുരശ്ര കിലോമീറ്ററാണ് ഇവയുടെ ആകെ വിസ്തീർണം. സമുദ്രനിരപ്പിൽ നിന്ന് വളരെയധികം ഉയരമില്ലാത്തവയാണ് മിക്ക ദ്വീപുകളും. പരമാവധി ആറ് മീറ്റർ വരെയാണ് സമുദ്രനിരപ്പിൽ നിന്നുള്ള കൂടിയ ഉയരം. 36 ദ്വീപുകളിൽ പത്തെണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്.

കാലാവസ്ഥാ മാറ്റങ്ങളുടെ ഭാഗമായി സമുദ്രനിരപ്പ് ഉയരുമെന്നും ഇത് ദ്വീപുകളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. എല്ലാ ദ്വീപുകളേയും ഇത് ബാധിക്കുമെങ്കിലും ചില ദ്വീപുകളെ കൂടുതലായി ബാധിക്കും.

2030ഓടെ വൻ തോതിലുള്ള തീരനാശത്തിനാണ് ലക്ഷദ്വീപ് സാക്‌ഷ്യം വഹിക്കുക. ഇത് ജനജീവിതത്തെ തന്നെ ബാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഐ.ഐ.ടി ഖരക്പൂരിലെ ഓഷ്യൻ എൻജിനീറിങ് ആൻഡ് നേവൽ ആർകിടെക്ചർ വിഭാഗത്തിലെ ഗവേഷകനായ പ്രസാദ് കെ. ഭാസ്കരൻ ചൂണ്ടിക്കാട്ടുന്നു.

തീരസംരക്ഷണ ഉപാധികൾ ഇപ്പോൾ തന്നെ സ്വീകരിക്കേണ്ടതുണ്ട്. കണ്ടൽക്കാടുകൾ വെച്ചു പിടിപ്പിച്ചോ തീരമതിലുകൾ പണിതോ സംരക്ഷണ പ്രവൃത്തികൾ നടത്തണം. തീരമതിൽ പണിയുന്നത് വളരെ ചെലവേറിയതാണ്. അതിനാൽ കണ്ടൽ വനങ്ങളാണ് കൂടുതൽ പ്രായോഗികമായ പരിഹാരം - അദ്ദേഹം പറയുന്നു.

അമിനി, ചെത്ത്ലത് ദ്വീപുകൾ വലിയ തീരനാശം നേരിടുമെന്നാണ് ഇവരുടെ പഠനം പറയുന്നത്. അമിനിയിൽ 70 ശതമാനത്തോളവും ചെത്ത്ലതിൽ 80 ശതമാനത്തോളവും തീരമേഖല നശിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. മിനിക്കോയ്, കവരത്തി എന്നിവിടങ്ങളിൽ 60 ശതമാനം ആയിരിക്കും തീരനാശം.

അഗത്തി ദ്വീപിന്റെ തെക്കേ മുനമ്പിൽ സ്ഥിതിചെയുന്ന എയർപോർട്ട് വെള്ളപ്പൊക്ക ഭീഷണി നേരിടും. ദ്വീപിന്റെ പ്രധാന വരുമാന മാർഗങ്ങളായ മത്സ്യബന്ധനം, കൃഷി, ടൂറിസം എന്നീ മേഖലകൾക്ക് തീരശോഷണം കനത്ത തിരിച്ചടിയാകുമെന്നും ഗവേഷകർ പറയുന്നു.

Tags:    
News Summary - Lakshadweep could face major coastal erosion due to rising sea levels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.