ബി.ജെ.പി വിട്ടത് പാർട്ടിക്കുള്ളിലെ വിദ്വേഷവും ഭിന്നിപ്പും കാരണം-ബാബുൽ സുപ്രിയോ

കൊൽക്കത്ത: ബി.ജെ.പി വിട്ടത് പാർട്ടിക്കുള്ളിലെ വിദ്വേഷവും ഭിന്നിപ്പും കാരണമെന്ന് ബാലിഗഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ ബി.ജെ.പി എം.പിയുമായ ബാബുൽ സുപ്രിയോ. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സുപ്രിയോ ബി.ജെ.പിയിൽ നിന്നും മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിലെത്തിയത്. കേന്ദ്രത്തിലെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു ടി.എം.സിയിൽ ചേർന്നത്.

പാർട്ടി മാറിയ തീരുമാനത്തിനെതിരെ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാൾ ബി.ജെ.പിയുടെ ഔദ്യോഗിക പേജ് ടാഗ് ചെയ്തുകൊണ്ട് സുപ്രിയോ ട്വീറ്റ് ചെയ്തത്. കാവിപ്പടയിൽ പരിശീലിക്കുന്ന ഭിന്നിപ്പും വിദ്വേഷവുമാണ് രാജിക്ക് കാരണമായത്. അത്തരം രാഷ്ട്രീയവുമായി പൊരുത്തപ്പെടാൻ സാധിക്കില്ലെന്നും അദ്ദേഹം കുറിച്ചു. ബംഗാളിന്റെ പൈതൃകവും സംസ്‌കാരവും മതേതര മൂല്യങ്ങളും സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും. വിഭാഗീയമോ സങ്കുചിതമോ ആയ രാഷ്ട്രീയം അസൻസോളിൽ കാഴ്ചവെച്ചിട്ടില്ല.

2018ൽ പശ്ചിമ ബർധമാൻ ജില്ലയിലെ അസൻസോൾ പ്രദേശത്ത് നടന്ന കലാപത്തെത്തുടർന്ന് മുൻ മന്ത്രി വർഗീയ വികാരം വളർത്തിയതായി ഇടതുപക്ഷം ആരോപിച്ചിരുന്നു. ബംഗാളിലെ ബി.ജെ.പിയുടെ നേതൃത്വത്തിൽ താൻ കബളിപ്പിക്കപ്പെട്ടതായി സുപ്രിയോ ആരോപിച്ചു. ബംഗാളികളെ നിരന്തരം അപമാനിക്കുന്നതും ബംഗാളിയുടെ നല്ല പ്രവൃത്തികൾ അംഗീകരിക്കാനുള്ള വിസമ്മതവും തനിക്ക് അംഗീകരിക്കാൻ കഴിയില്ല. നാനാത്വത്തിൽ ഏകത്വം എന്ന ആശയം മുൻനിർത്തി വരുംകാലങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വഞ്ചകനായ മറ്റൊരു മന്ത്രിയേയും വരുംകാലങ്ങളിൽ കണ്ടിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷ് ആരോപിച്ചു. ബംഗാളികൾക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് സുപ്രിയോയുടെ കാഴ്ചപ്പാടെങ്കിൽ എങ്ങനെയാണ് അദ്ദേഹത്തെ നരേന്ദ്ര മോദി സർക്കാർ എം.പിയാക്കിയതെന്നും ദിലീപ് ചോദിച്ചു.

വൈസ് പ്രസിഡന്‍റിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനുപം ഹസ്രയും രംഗത്തെത്തി. ഇത്തരം ആദർശൂന്യവും അസാന്മാർഗികവുമായ മനുഷ്യർ ഒഴിഞ്ഞത് പാർട്ടിയുടെ ഭാഗ്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

Tags:    
News Summary - Left BJP because of hatred and division within the party: Babul Supriyo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.