ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരസ്യപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ. പ്രധാനമന്ത്രിയുടെ ഓഫിസിനാണ് കമീഷൻ നിര്‍ദേശം നല്‍കിയത്. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ 1977ല്‍ രൂപവത്കരിച്ച രാജ് നാരായൺ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉൾപ്പെടെ പുറത്തുവിടണം. മുൻ പ്രധാനമന്തിയുടെ മരണം സംബന്ധിച്ച വസ്തുതകൾ ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ കടമയുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള പ്രാഥമിക ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ ഓഫിസിനുതന്നെയാണെന്നും വിവരാവകാശ കമീഷണർ ശ്രീധർ ആചാര്യലു വ്യക്തമാക്കി. എല്ലാ രേഖകളും പുറത്തുവിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശാസ്ത്രിയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ തേടി ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരാവകാശ അപേക്ഷയെ തുടര്‍ന്നാണ് കമീഷൻ നടപടി. സോവിയറ്റ് യൂനിയൻ പ്രധാനമന്ത്രി അലക്സി കോസിഗിെൻറ മധ്യസ്ഥതയില്‍ പാകിസ്താന് പ്രസിഡൻറ് അയ്യൂബ് ഖാനുമായി ചര്‍ച്ചക്ക് എത്തിയപ്പോഴാണ് 1966 ജനുവരി 11ന് താഷ്കൻറിൽ വെച്ച് ലാൽ ബഹദൂർ ശാസ്ത്രി മരിച്ചത്. ഹൃയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ, മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിരുന്നു. വിവരാവകാശ നിയമ പ്രകാരം നിരവധി അപേക്ഷകള്‍ ലഭിച്ചിരുെന്നങ്കിലും രാജ്യതാൽപര്യം മുന്‍നിര്‍ത്തി രേഖകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.