കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വ്യാജ വാക്സിനേഷൻ ക്യാമ്പ് തട്ടിപ്പിൽ രൂക്ഷ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വ്യാജ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച ദേബഞ്ജൻ ദേബിനെപ്പോലുള്ളവർ തീവ്രവാദികളെക്കാൾ അപകടകാരികളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, സി.ബി.ഐ അന്വേഷണം വേണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ മമത തള്ളി. ബി.ജെ.പി ആദ്യം രാമജന്മഭൂമി തീർഥ ട്രസ്റ്റിെൻറ അയോധ്യ ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാനായിരുന്നു മമതയുടെ മറുപടി.
കൊൽക്കത്ത നഗരത്തിൽ നൂറുകണക്കിന് പേർക്കാണ് വ്യാജ വാക്സിനേഷൻ ക്യാമ്പിലൂടെ കുത്തിവെപ്പ് നടത്തിയത്. സംഭവത്തിൽ കൊൽക്കത്ത സ്വദേശിയായ ദേബഞ്ജൻ ദേബ് എന്നയാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. 28 വയസായ ഇയാൾ ഐ.എ.എസ് ഒാഫിസറായി നടിച്ച് വ്യാജ വാക്സിനേഷൻ ക്യാമ്പ് നടത്തുകയായിരുന്നു.
'ഇൗ വഞ്ചകർ തീവ്രവാദികളേക്കാൾ അപകടകാരികളാണ്. ദേബഞ്ജൻ ദേബിനെ സഹായിച്ചവർ ശക്തമായ നടപടികൾ നേരിടേണ്ടിവരും. ഇത്തരം വഞ്ചകരിൽനിന്ന് വിട്ടുനിൽക്കാൻ ആളുകളോട് അഭ്യർഥിക്കുന്നു. പൊലീസിനും കോർപറേഷനും ഇതിെൻറ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. പൊലീസിനോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ഇത്തരത്തിലുള്ള തട്ടിപ്പ് തടയാൻ അവർ പ്രത്യേക സന്ദർശനങ്ങൾ നടത്തണം' -മാധ്യമപ്രവർത്തകരോട് മമത ബാനർജി പറഞ്ഞു.
ചുവന്ന ബീക്കൺ വാഹനങ്ങൾ ഉപയോഗിച്ച് തീവ്രവാദികൾ പാർലമെൻറ് കെട്ടിടത്തിലേക്ക് കടന്നത് എങ്ങനെയാണെന്ന് മറന്നിട്ടില്ല. അവരാരും മനുഷ്യരല്ല -മമത കൂട്ടിച്ചേർത്തു.
ദേബിെൻറ അറസ്റ്റിന് ശേഷം അയാൾ തൃണമൂൽ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം വൻതോതിൽ പ്രചരിച്ചിരുന്നു. ഇൗ ചിത്രങ്ങൾ ഒന്നും തെളിയിക്കുന്നില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.
'ഇൗ ചിത്രങ്ങൾ യാതൊന്നും തെളിയിക്കുന്നില്ല. നിരവധിപേർ ഞങ്ങളുടെ അടുത്തെത്തുകയും ചിത്രമെടുക്കുകയും ചെയ്യുന്നു. നിരവധി തവണ, ആളുകൾ വിമാനത്താവളങ്ങളിൽവെച്ചുപോലും ഫോേട്ടാ എടുക്കാനായി അഭ്യർഥിച്ചിരുന്നു. പക്ഷേ എല്ലായ്പ്പോഴും ഞാൻ നിരസിക്കുകയും ചെയ്യും. എന്നാൽ, സമ്മതമില്ലാതെ നിരവധിപേർ സെൽഫികൾ എടുക്കുന്നു' -മമത പറഞ്ഞു.
വാക്സിനേഷൻ രേഖകൾ കെട്ടിച്ചമച്ചതിൽ സർക്കാറിെൻറ പങ്കും അവർ നിഷേധിച്ചു. തട്ടിപ്പുകാർ ചിലപ്പോൾ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒപ്പുകളുണ്ടാക്കുമെന്നായിരുന്നു പ്രതികരണം.
അതേസമയം, പശ്ചിമബംഗാൾ ഗവർണക്കെതിരെ രൂക്ഷപ്രതികരണവുമായി മമത ബാനർജി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഗവർണർ ജഗദീപ് ധങ്കറിനെ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ച മമത, ഹവാല ഇടപാട് കേസിൽ ഗവർണറുടെ പേരുണ്ടായിരുന്നുവെന്നും ആരോപിച്ചു. 1996ലെ ജെയിൻ ഹവാല കേസിെൻറ കുറ്റപത്രത്തിൽ ധങ്കറിെൻറ പേരുണ്ടായിരുന്നുവെന്നും ഗവർണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ കത്തയച്ചതായും മമത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെയാണ് മമതയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.