കൊൽക്കത്ത: നന്ദിഗ്രാമിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിെര ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈയേറ്റത്തിൽ പരിക്കേറ്റുവെന്ന് വ്യാജപ്രചാരണം അഴിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
നന്ദിഗ്രാമിലെ ബിരുലിയ ബസാർ റോഡിൽ തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ ടയറുകൾ കത്തിക്കുകയും മമതക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മമത ബാനർജിയെ ആരും ആക്രമിച്ചിട്ടില്ല, അവർ സംഭവത്തിൽ നുണ പറയുകയാണെന്നും ബി.ജെ.പി പ്രവർത്തകർ പറഞ്ഞു.
മമതക്ക് പരിക്കേറ്റതോടെ പർബ മേധിനിപുർ ജില്ല മജിസ്ട്രേറ്റ് വിഭു ഗോയൽ, എസ്.പി പ്രവീൺ പ്രകാശ് എന്നിവർ ബിരുലിയ ബസാറിലെത്തിയിരുന്നു. മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. സുേവന്ദു അധികാരി ബി.ജെ.പിയിലെത്തിയതോടെ നന്ദിഗ്രാമിൽ മത്സരിക്കാൻ മമത ബാനർജി തീരുമാനിക്കുകയായിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചശേഷം നന്ദിഗ്രാമിലെത്തിയ മമതക്ക് നേരെയായിരുന്നു കൈയേറ്റം.
ബുധനാഴ്ച വൈകിട്ട് റെയപാറയിലെ ക്ഷേത്രത്തിൽ പൂജ നടത്താൻ പോകാനായി കാറിനടുത്ത് നിൽക്കുകയായിരുന്നു തന്നെ നാലഞ്ചുപേർ വന്ന് തള്ളിയതായി മമത പറഞ്ഞു. സുരക്ഷ നൽകാൻ സ്ഥലത്ത് പൊലീസ് ഇല്ലായിരുന്നുവെന്നും കാലിന് കടുത്ത വേദനയുണ്ടെന്നും മമത പ്രതികരിച്ചിരുന്നു. ആക്രമണത്തിൽ മമതയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന് എസ്.എസ്.കെ.എം ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.