നന്ദിഗ്രാം: ജനങ്ങളുടെ ആവേശകരമായ പിന്തുണ ലഭിച്ചതിനാലാണ് നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി മമത ബാനർജി. എന്നാൽ, തന്നെ പുറംനാട്ടുകാരിയെന്ന് ആക്ഷേപിക്കുകയാണ് ചിലർ. അങ്ങനെ പറയുന്നവർക്ക് ഗുജറാത്തിൽനിന്ന് വന്നവരാണ് നാട്ടുകാർ. സ്വന്തം ആത്മാവ് വർഗീയകക്ഷികൾക്ക് പണയപ്പെടുത്തിയവരാണ് ഈ കുപ്രചാരണം നടത്തുന്നതെന്നും അടുത്തിടെ തൃണമൂലിൽനിന്ന് ബി.ജെ.പിയിൽ ചേർന്ന സുവേന്ദു അധികാരിയെ പേരെടുത്തു പറയാതെ മമത വിമർശിച്ചു.
ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ നന്ദിഗ്രാമിൽ നടന്ന സമരത്തെ ജാതിക്കാർഡ് ഇറക്കി അവഹേളിക്കുകയാണ് അവർ. തന്നെ പുറംനാട്ടുകാരിയെന്ന് വിളിച്ചതുകേട്ട് ഞെട്ടി. നന്ദിഗ്രാമിനടുത്തുള്ള ബീർഭും ജില്ലയിലാണ് താൻ ജനിച്ചുവളർന്നത്. എന്നെ അങ്ങനെ വിളിച്ചയാളാകട്ടെ ഇവിടെ ജനിച്ചതല്ല. ഇപ്പോൾ ഞാൻ പുറത്തും ഗുജറാത്തിൽനിന്ന് വന്നവർ ബംഗാളികളുമായി - സുവേന്ദുവിനെ ലക്ഷ്യമാക്കി അവർ പറഞ്ഞു.
അതേസമയം, തന്നെ 'നാടിെൻറ മകൻ' എന്നു വിശേഷിപ്പിച്ചാണ് സുവേന്ദു വോട്ട് തേടുന്നത്. നന്ദിഗ്രാമിൽ 70:30 (ഹിന്ദു-മുസ്ലിം)വിഹിതം പറഞ്ഞാണ് ചിലരുടെ പ്രചാരണമെന്ന് മമത ആരോപിച്ചു. എന്നാൽ, അവിടെ നടന്ന സമരത്തിൽ എല്ലാവിഭാഗം ജനങ്ങളും ഒരുമിച്ചാണ് അണിനിരന്നത്.
ഏപ്രിൽ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജനങ്ങൾ ഏപ്രിൽ ഫൂളാക്കുമെന്നും മമത പറഞ്ഞു. 2011ൽ നന്ദിഗ്രാമിലെ കുടിയൊഴിപ്പിക്കലിനെതിരെ നടത്തിയ രാജ്യശ്രദ്ധ നേടിയ സമരത്തെ തുടർന്നാണ് മമത ബംഗാളിൽ അധികാരത്തിലേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.