ഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശനം അവസാനിപ്പിച്ച് മടങ്ങി രണ്ട് ദിവസം മാത്രം കഴിഞ്ഞപ്പോൾ കോൺഗ്രസ് എം.എൽ.എയുടെ വീട് കലാപകാരികൾ കത്തിച്ചു. കുക്കി കലാപകാരികൾ കാക്ചിങ് ജില്ലയിലെ രഞ്ജിത് സിങ് എം.എൽ.എയുടെ വീടാണ് അഗ്നിക്കിരയാക്കിയത്. ‘മണിപ്പൂരിലെ സമാധാനമാണ് മോദി സർക്കാറിന്റെ പ്രഥമ പരിഗണന’ -എന്നായിരുന്നു സന്ദർശനത്തിൽ ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നത്.
മെയ്തി സമുദായക്കാരനാണ് രഞ്ജിത് സിങ് എം.എൽ.എ. ശനിയാഴ്ച രാത്രി അക്രമികൾ എത്തുമ്പോൾ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ലെന്നും കുടുംബത്തോടൊപ്പം ഇംഫാലിലായിരുന്നെന്നും മണിപ്പൂർ കോൺഗ്രസ് ചീഫ് കെയ്ശാം മേഘചന്ദ്ര സിങ് പറഞ്ഞു. പീപ്പിൾസ് ഡിഫൻസ് ഫോഴ്സുമായി ബന്ധമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നും കെയ്ശാം ആരോപിച്ചു.
ശനിയാഴ്ച രാത്രി മുതൽ മെയ്തി സമുദായക്കാരുടെ നൂറുകണക്കിന് വീടുകളാണ് അഗ്നിക്കിരയാക്കിയത്. വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സെറോവിലെയും സുഗ്‌നുവിലെയും നൂറുകണക്കിന് മെയ്തി സമുദായക്കാർ വീടുകൾ ഉപേക്ഷിച്ച് പോയതായാണ് റിപ്പോർട്ട്.
വൻ ആയുധ സന്നാഹങ്ങളോടെ 30 അംഗ അക്രമിസംഘം സുൻഗുവിലെ ബി.എസ്.എഫ് ഔട്ട്പോസ്റ്റ് കൈയടക്കാൻ ശ്രമിച്ചെന്ന് മണിപ്പൂർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.