ന്യൂഡൽഹി: മണിപ്പൂർ കലാപത്തെതുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ സംസ്കരിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി. 175ൽ 169 മൃതദേഹങ്ങളാണ് തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളത്. അതിൽതന്നെ 88 മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയിട്ടില്ല. കലാപം കെട്ടടങ്ങാത്ത മണിപ്പൂരിലെ മോർച്ചറികളിൽ ഇനിയും അനിശ്ചിതമായി മൃതദേഹങ്ങൾ സംസ്കരിക്കാതെ സൂക്ഷിക്കാൻ പറ്റില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് സംസ്കരിക്കാൻ ഒരാഴ്ച സമയവും സൗകര്യവും സർക്കാർ നൽകണം. ബന്ധുക്കളെ വിവരമറിയിക്കുന്ന നടപടി തിങ്കളാഴ്ച പൂർത്തിയാക്കണം. സംസ്കരിക്കുന്നതിനു മുമ്പ് ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് സൂക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. സംസ്കരിക്കാൻ സംസ്ഥാന സർക്കാർ ഒമ്പതു സ്ഥലങ്ങളാണ് നിർണയിച്ചിട്ടുള്ളത്.
ഹൈകോടതികളിലെ മൂന്നു വനിതാ മുൻ ജഡ്ജിമാരെ ഉൾപ്പെടുത്തി സുപ്രീംകോടതി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ട് മുൻനിർത്തിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ നിർദേശം. റിട്ട. ജസ്റ്റിസുമാരായ ഗീതാ മിത്തൽ, ശാലിനി പി. ജോഷി, ആശ മേനോൻ എന്നിവർ ഉൾപ്പെട്ട സമിതിയാണ് സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയത്. കലാപത്തെക്കുറിച്ച അന്വേഷണം, ഇരകളുടെ പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. ഇക്കാര്യങ്ങൾ തിങ്കളാഴ്ച കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.