ഭാരതീയ ജനത യുവ മോർച്ച മണിപ്പൂര്‍ മുൻ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിൽ

ഇംഫാൽ: ഭാരതീയ ജനത യുവ മോർച്ച മണിപ്പൂര്‍ മുൻ സംസ്ഥാന അധ്യക്ഷന്‍ മനോഹർമയൂം ബാരിഷ് ശർമ്മ അറസ്റ്റിൽ. ഒക്ടോബർ 14ന് നടന്ന വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഇംഫാൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വെടിവെപ്പുണ്ടായത്. അക്രമത്തിൽ സ്ത്രീ അടക്കം അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു.

കേസിൽ മുഖ്യപ്രതിയാണ് യുവ മോർച്ച മണിപ്പൂര്‍ മുൻ സംസ്ഥാന അധ്യക്ഷന്‍. ഇംഫാൽ വെസ്റ്റ് ജില്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 25വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

അതേസമയം, വാഹനപരിശോധനക്കിടെ 1,200 ലധികം വെടിയുണ്ടകളും നിരവധി സ്‌ഫോടക വസ്തുക്കളുമായി ഒരാൾ അറസ്റ്റിലായി. ഇംഫാൽ വെസ്റ്റ് ജില്ലയിലെ മൊയ്രാങ്കോം റോഡ് ക്രോസിങ്ങിലാണ് ഇയാൾ പിടിയിലായത്. പൊലീസ് കാർ തടഞ്ഞെങ്കിലും നിർത്താതെ പോകാൻ ശ്രമിക്കുകയായിരുന്നു.

കലാപകാരികൾ കൊള്ളയടിച്ചതടക്കം 2000ത്തോളം ആയുധങ്ങൾ പിടികൂടി

സൈന്യത്തിന്റെയും പൊലീസിന്റെയും കൈയിൽനിന്ന് കലാപകാരികൾ കൊള്ളയടിച്ചതടക്കമുള്ള 2000ത്തോളം ആയുധങ്ങൾ പൊലീസ് പിടികൂടി. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ആയുധശേഖരവും വെടിക്കോപ്പുകളും പിടികൂടിയത്.

മൂന്ന് എ.കെ. 47/56, നാല് മെഷീൻ ഗണ്ണുകൾ, ഏഴ് എസ്.എൽ.ആർ തോക്കുകൾ ഉൾപ്പെടെ 36 എണ്ണവും 1,615 വെടിക്കോപ്പുകളും 82 ഹാൻഡ് ഗ്രനേഡുകളും ആണ് പിടികൂടിയത്. കൂടാതെ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും വാക്കി ടോക്കി സെറ്റുകളും ഉൾപ്പെടെ 132 സൈനികോപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

സ്വമേധയാ ആയുധം സമർപ്പിക്കുന്ന കലാപകാരികൾക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

മണിപ്പൂരിലെ അതിർത്തി ഗ്രാമമായ മോറെയിൽ കൂടുതൽ പൊലീസ് കമാൻഡോകളെ വിന്യസിച്ചതിനെതിരെആദിവാസി സ്ത്രീകളുടെ പ്രതിഷേധം തുടരുകയാണ്. ഭൂരിഭാഗം കുകി ജനസംഖ്യയുള്ള തെങ്‌നൗപാൽ ജില്ലയിലെ മോറെയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ചിക്കിം ഗ്രാമത്തെ കേന്ദ്രീകരിച്ചാണ് പ്രതിഷേധം.

Tags:    
News Summary - Manipur police arrest former Bharatiya Janata Yuva Morcha state unit chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.