ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ മ്യാന്മർ അതിർത്തിയോടു ചേർന്നുള്ള ടെങ്നോപാൽ ജില്ലയിലെ മോറെ ടൗണിൽ സുരക്ഷ അവലോകന യോഗം ചേർന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാസത്തോളമായി സംഘർഷം തുടരുന്ന മണിപ്പൂരിലെ സുരക്ഷ സാഹചര്യം വിലയിരുത്തുന്നതിനാണ് മണിപ്പൂരിലെ മൂന്നാം ദിവസത്തെ സന്ദർശനത്തിനിടെ അമിത് ഷാ ഉന്നത പൊലീസ്, സൈനിക ഉദ്യോഗസ്ഥരുമായി ബുധനാഴ്ച രാവിലെ പ്രത്യേക യോഗം ചേർന്നത്.
കുക്കി വിഭാഗത്തിൽനിന്നും മറ്റു സമുദായങ്ങളിൽനിന്നുള്ള പ്രതിനിധികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള സർക്കാർ നടപടികൾക്ക് പ്രതിനിധികൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു. നാലു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച രാത്രിയോടെയാണ് അമിത് ഷാ മണിപ്പൂരിലേക്ക് തിരിച്ചത്.അതേസമയം, അമിത് ഷായുടെ സന്ദർശനം തുടരുന്നതിനിടെയും ചൊവ്വാഴ്ച രാത്രി വൈകി വിവിധയിടങ്ങളിൽ ഏറ്റുമുട്ടലുണ്ടായി. കാക്ചിങ് ജില്ലയിലെ സുഗ്നുവിൽ അർധരാത്രിയോടെ കലാപകാരികളും സുരക്ഷ സേനയും തമ്മിൽ വെടിവെപ്പുണ്ടായി. ഇംഫാൽ ഈസ്റ്റ് മേഖലയിലെ സഗോൽമാങിലുണ്ടായ കലാപകാരികളുടെ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. ഇതിനിടെ, ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങൾ കൊണ്ടുപോകുന്നതിനും സുരക്ഷ ജീവനക്കാരുടെ യാത്രയും റോഡ് അടച്ചുകെട്ടിക്കൊണ്ട് തടയരുതെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.