ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ. ‘പൊളിയുന്ന ബാങ്കിലേക്ക് ഭാവിയിലെ തീയതിയിട്ട് നൽകിയ ചെക്ക്’ എന്ന് കോൺഗ്രസ് ബില്ലിനെ വിശേഷിപ്പിച്ചപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മോദിയുടെ തന്ത്രം മാത്രമാണിതെന്നാണ് മറ്റു പാർട്ടികൾ അഭിപ്രായപ്പെട്ടത്.
യു.പി.എ ഭരണകാലത്ത് 2010ലെ വനിതാസംവരണ ബിൽ ഉപാധികളില്ലാതെ വളരെ പെട്ടെന്ന് നടപ്പാക്കാനുള്ളതായിരുന്നെന്ന് പറഞ്ഞ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്, പുതിയ ബിൽ നടപ്പാക്കാൻ സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാക്കണമെന്ന വ്യവസ്ഥ ഏറെ ആശയക്കുഴപ്പങ്ങൾക്ക് വഴിവെക്കുന്നതാണെന്ന് കൂട്ടിച്ചേർത്തു.
ബിൽ നടപ്പാക്കാതെതന്നെ 2024 തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് തട്ടുകയെന്ന തന്ത്രമാണ് മോദി പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വനിതാസംവരണ ബിൽ നല്ല നീക്കമാണെന്ന് വിലയിരുത്തിയ രാഹുൽ ഗാന്ധി, പിന്നാക്കക്കാർക്ക് പ്രത്യേക ക്വോട്ടയില്ലാതെ ബിൽ അപൂർണമാണെന്ന് അഭിപ്രായപ്പെട്ടു.
തൊഴിലില്ലായ്മയും വിലക്കയറ്റവും ഉൾപ്പെടെ പ്രശ്നങ്ങൾ മറച്ചുവെക്കാനുള്ള രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ബില്ലെന്ന് ശിവസേന നേതാവ് അരവിന്ദ് സാവന്ത് പറഞ്ഞു. ഉടനെയൊന്നും നടപ്പാക്കാൻ ഉദ്ദേശിക്കാത്ത ബിൽ അവതരിപ്പിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചത് എന്തിനാണെന്നും കഴിഞ്ഞ ഒമ്പതര വർഷം ബിൽ അവതരിപ്പിക്കാതെ മോദിസർക്കാർ എന്തെടുക്കുകയായിരുന്നുവെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ചോദിച്ചു.
വനിതകൾക്ക് സംവരണം വേണമെന്നത് എല്ലാ പാർട്ടികളും അംഗീകരിക്കുന്ന കാര്യമാണെന്നും സർക്കാർ ഇക്കാര്യത്തിൽ സസ്പെൻസ് നിലനിർത്തുകയും ഒളിച്ചുകളി നടത്തുകയുമാണെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് പറഞ്ഞു.
‘വനിതാസംവരണം മാറ്റിവെക്കൽ ബിൽ’ എന്ന് പേരുമാറ്റണമെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ പരിഹാസം. മോദിസർക്കാറിന്റെ രക്ഷപ്പെടൽ തന്ത്രമാണ് ബില്ലെന്ന് മുസ്ലിം ലീഗ് അംഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
പിന്നാക്കവിഭാഗക്കാരായ സ്ത്രീകൾക്ക് പ്രത്യേക ക്വോട്ട വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ തമിഴ്നാട് ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയത്തിലൂടെ സീറ്റുകൾ കുറയില്ലെന്ന് ഉറപ്പാക്കണം.
ദക്ഷിണേന്ത്യയുടെ പ്രാധാന്യം കുറക്കാനുള്ള ഡെമോക്ലസിന്റെ വാളാണ് മണ്ഡല പുനർനിർണയമെന്നും അദ്ദേഹം പറഞ്ഞു. 2039വരെ നടപ്പാക്കാൻ സാധ്യതയില്ലാത്ത വനിതാസംവരണ ബിൽ സ്ത്രീകളെ വിഡ്ഢികളാക്കാനുള്ള മോദിസർക്കാറിന്റെ നീക്കമാണെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
ഉടനെയൊന്നും നടപ്പാക്കാൻ ഉദ്ദേശ്യമില്ലാത്ത ബില്ലിനായി പ്രത്യേക സമ്മേളനം വിളിച്ചതെന്തിനാണെന്ന് ചോദിച്ച എൻ.സി.പിയും സമാജ്വാദി പാർട്ടിയും ഒ.ബി.സിക്ക് പ്രത്യേക ക്വോട്ട വേണമെന്നും ആവശ്യപ്പെട്ടു. സെൻസസിനും മണ്ഡല പുനർനിർണയത്തിനും കാത്തുനിൽക്കാതെ ബിൽ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. നടപ്പാക്കാൻ കാലതാമസം ഉണ്ടാകുമെന്നതിനാൽ മണ്ഡല ‘പുനർനിർണയത്തിനുശേഷം’ എന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ഡി.എം.കെ നേതാവ് കനിമൊഴി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.